ന്യൂഡൽഹി: ഹിന്ദുമതത്തിൽപ്പെട്ട സ്ത്രീകൾ വിവാഹശേഷം കൈകളിൽ സാകയും (വിവാഹിതരായ ഉത്തരേന്ത്യൻ സ്ത്രീകൾ അണിയുന്ന ശംഖിൽ നിർമ്മിച്ച വള) സീമന്ദരേഖയിൽ സിന്ദൂരവും ധരിക്കാൻ വിസമ്മതിച്ചാൽ അത് വിവാഹത്തോടും ഭർത്താവിനോടുമുള്ള വിയോജിപ്പായി കണക്കാക്കുമെന്ന വിചിത്ര നിരീക്ഷണവുമായി ഗുവാഹത്തി ഹൈക്കോടതി.
ഗാർഹിക പീഡന പരാതിയിൽ വിവാഹമോചനം ആവശ്യപ്പെട്ടെത്തിയ ദമ്പതികളിൽ ഭാര്യയ്‌ക്കാണ് ചീഫ് ജസ്റ്റിസ് അജയ് ലാമ്പ, ജസ്റ്റിസ് സൗമിത്ര സൈകൈ എന്നിവരുൾപ്പെട്ട ബെഞ്ച് വിചിത്ര ഉപദേശം നൽകിയത്. ഇത്തരമൊരു യുവതിക്കൊപ്പം താമസിക്കാൻ ഭർത്താവിനെ നിർബന്ധിക്കുന്നത് അദ്ദേഹത്തിനെ ഉപദ്രവിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്‌തു.
2012 ഫെബ്രുവരിയിലായിരുന്നു ദമ്പതികളുടെ വിവാഹം. ഒരു മാസത്തിന് ശേഷം കൂട്ടുകുടുംബത്തിൽ നിന്ന് മാറി താമസിക്കാൻ യുവതി നിർബന്ധിച്ചതായി ഭർത്താവ് പറയുന്നു. ഇതിന്റെ പേരിൽ നിരന്തരം വഴക്ക് നടക്കുന്നതിനിടെ 2013ൽ യുവതി ഭർത്താവിന്റെ വീട് ഉപേക്ഷിച്ച് പോയി. സ്ത്രീധന പീഡനം, ഗാർഹീക പീഡനം എന്നീ വകുപ്പുകൾ പ്രകാരം കേസും നൽകി. ഭാര്യയാണ് പീഡിപ്പിച്ചതെന്ന് കാട്ടി ഭർത്താവും കേസ് നൽകി. കീഴ്ക്കോടതി തള്ളിയ കേസിൽ മേൽക്കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.