ന്യൂഡൽഹി: തെലങ്കാന ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് മഹമൂദ് അലിക്ക് കൊവിഡ്. ഹൈദരാബാദിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന ആദ്യ മന്ത്രിയാണ് അലി. ജൂൺ 25ന് നടന്ന വനവത്കരണ പരിപാടി ഹരിതഹരം വൃക്ഷതൈ നടീൽ ചടങ്ങിൽ ഡി.ജി.പി മഹേന്ദർ റെഡ്ഡി, ഹൈദരാബാദ് കമ്മിഷണർ അഞ്ജനി കുമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഇദ്ദേഹം പങ്കെടുത്തിരുന്നു. ജലദോഷവും കഫകെട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുദിവസം മുൻപ് മഹമൂദ് അലിയുടെ സുരക്ഷാ വിഭാഗത്തിലെ അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുമ്പോഴും പരിശോധന വർദ്ധിക്കുന്നില്ലെന്ന് വിമർശനമുയർന്നതോടെ പരിശോധന വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.