ന്യൂഡൽഹി: ദുരിതകാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി കേന്ദ്രസർക്കാർ ഉടൻ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധി എംപിയും ആവശ്യപ്പെട്ടു. കോൺഗ്രസ് സംഘടിപ്പിച്ച 'സ്‌പീക്ക് അപ്പ് ഓൺ ഫ്യൂവൽ പ്രൈസ്' പ്രചാരണത്തിന്റെ ഭാഗമായി വീഡിയോ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
മഹാമാരിയുടെ കാലത്ത് സർക്കാർ അടിച്ചേൽപ്പിക്കുന്ന പെട്രോൾ, ഡീസൽ വിലവർദ്ധനവ് മനുഷ്യപറ്റില്ലാത്തതും നീതീകരണം ഇല്ലാത്തതുമാണെന്ന് സോണിയ ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തെ പാവപ്പെട്ടവരെയും, കർഷകരെയും, തൊഴിലാളികളെയും ഇടത്തരക്കാരെയും ദുരിതത്തിലാക്കുമെന്നും സോണിയ പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഏറ്റവും കുറഞ്ഞ നിരക്കിൽ നിൽക്കുമ്പോഴാണ് തുടർച്ചയായി 22 തവണയോളം ഇന്ധന വില കേന്ദ്ര സർക്കാർ വർധിപ്പിച്ചതെന്ന് രാഹുൽ കുറ്റപ്പെടുത്തി. പ്രക്ഷോഭത്തിന്റെ തുടർച്ചയായി ഇന്നു മുതൽ താലൂക്ക് ബ്ലോക്ക് തലങ്ങളിൽ ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.