ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സ കിട്ടാതെ അവിടത്തെ തന്നെ ജീവനക്കാരനായ മലയാളി മരിച്ചു. കൊട്ടാരക്കര പുത്തൂർ സ്വദേശി കെ.പ്രസാദാണ് (58) മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
നേരത്തെ ആർ.എം.എല്ലിൽ ആംബുലൻസ് ഡ്രൈവറായിരുന്ന പ്രസാദ് ഇപ്പോൾ ആശുപത്രിയിലെ ട്രാൻസ്‌പോർട്ട് വിഭാഗം സൂപ്പർവൈസറായി പ്രവർത്തിക്കുകയായിരുന്നു. ഹൃദയസ്തംഭനമുണ്ടായതിനെ തുടർന്ന് മകനാണ് പ്രസാദിനെ ആശുപത്രിയിലെത്തിച്ചത്.
എന്നാൽ, ആരും രോഗിയെ ഉള്ളിലേയ്ക്കു കടത്താനോ ഡോക്ടർമാരോ ആരോഗ്യപ്രവർത്തകരോ പ്രാഥമിക ചികിത്സ നൽകാനോ തയ്യാറായില്ല. ആശുപത്രി വളപ്പിൽ ഗുരുതരനിലയിൽ അദ്ദേഹം കിടക്കുമ്പോൾ കൊവിഡ് പേടി കാരണം ആംബുലൻസ് ഡ്രൈവർമാർ പോലും എടുത്ത് ഉള്ളിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചില്ല. ഒടുവിൽ, സ്വന്തം ആശുപത്രിയിൽ പരിചരണം ലഭിക്കാതെ പ്രസാദ് മരണമടഞ്ഞു.
മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നു. രണ്ടു വർഷം കൂടി പ്രസാദിനു സർവീസുണ്ടായിരുന്നു. അമേരിക്കയിലുള്ള മകളുടെ അടുത്തേയ്ക്ക് ഒരു മാസം കഴിഞ്ഞാൽ പോവാനിരിക്കുകയാണെന്ന് ചില സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ആ മോഹം പൂർത്തിയാവാതെ പ്രസാദ് മരണത്തിനു കീഴടങ്ങി. ന്യൂഡൽഹി ഗോൾമാർക്കറ്റിനു സമീപമുള്ള സർക്കാർ ക്വാർട്ടേഴ്‌സിലായിരുന്നു കുടുംബത്തോടൊപ്പമുള്ള താമസം. ഭാര്യ: സാറാമ്മ. മക്കൾ: പ്രിൻസ്, പ്രിൻസി.