pa

ന്യൂഡൽഹി: ജമ്മുകാശ്‌മീരിൽ തുടർച്ചയായ രണ്ടാം ദിവസം നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. അതേസമയം കഴിഞ്ഞദിവസം ഒരു സി.ആർ.പി.എഫ് ജവാനും ആറുവയസുകാരനും മരിച്ച ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സാഹിദ് ദസ് രക്ഷപ്പെട്ടു.

ജമ്മുകാശ്‌മീർ ഐസിസ് സംഘടനയിൽപ്പെട്ട സാഹിദ് ദസ് ദക്ഷിണ കാശ്‌മീരിലെ അനന്ത്‌നാഗിൽ വഗാമാ ഗ്രാമത്തിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരമറിഞ്ഞ് ഒളിത്താവളം ഇന്നലെ രാവിലെ സുരക്ഷാ സേന വളഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരെ വധിച്ചത്. എന്നാൽ സേനയുടെ കണ്ണുവെട്ടിച്ച് സാഹിദ് കടന്നുകളഞ്ഞു. മരിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. താവളത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു.

അനന്ത്‌നാഗിലെ ബജെഹരെയിൽ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ ബൈക്കിലെത്തിയ സാഹിദ് വെടിയുതിർത്തത്. ജവാൻമാർ തിരിച്ചടിച്ചെങ്കിലും ഒരാൾ മരിച്ചു. സംഭവ സ്ഥലത്ത് പാർക്കു ചെയ്‌ത കാറിലിരുന്ന ആറുവയസുകാരനും കൊല്ലപ്പെട്ടു. പിതാവിനൊപ്പം സാധനം വാങ്ങാനെത്തിയതായിരുന്നു കുട്ടി. സംഭവം താഴ്‌വരയിൽ ഏറെ പ്രതിഷേധത്തിന് വഴിവച്ചതോടെ അധികൃതർ സാഹിദിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും പരസ്യപ്പെടുത്തിയിരുന്നു.