അൺലോക്ക് കാലത്ത് കൂടുതൽ ജാഗ്രത വേണം
ന്യൂഡൽഹി: ലോക്ക് ഡൗൺ കാലത്ത് 80 കോടിയോളം പാവപ്പെട്ടവർക്കായി പ്രഖ്യാപിച്ച സൗജന്യ റേഷൻ നവംബർ അവസാനം വരെ നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒരാൾക്ക് അഞ്ച് കിലോ അരി അല്ലെങ്കിൽ ഗോതമ്പും ഒരു കിലോ കടലയും തുടർന്നും സൗജന്യമായി ലഭിക്കും.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട ആറാമത്തെ ടെലിവിഷൻ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ജൂലായ് മുതലുള്ള ഉത്സവ സീസണിലെ വർദ്ധിച്ച ആവശ്യങ്ങൾ കൂടി കണിലെടുത്താണ് സൗജന്യ റേഷൻ നീട്ടുന്നത്. ഓണവും അദ്ദേഹം പരാമർശിച്ചു.
ലോക്ക്ഡൗൺ കാലത്ത് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജ്‌ന പ്രകാരമുള്ള സൗജന്യ റേഷൻ ഇന്നലെ അവസാനിക്കേണ്ടതായിരുന്നു. അതാണ് അഞ്ച് മാസത്തേക്കുകൂടി നീട്ടിയത്. ഇതിന് 90,000 കോടി രൂപയുടെ അധികബാദ്ധ്യത ഉണ്ടാവും. ഇതോടെ പദ്ധതിയുടെ മൊത്തം ചെലവ് ഒന്നര ലക്ഷം കോടി രൂപയാവും.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ബീഹാറിൽ നവംബറിൽ നടക്കുന്ന ഛഠ് പൂജയും ദീപാവലിയും നവരാത്രിയും അടക്കമുള്ള മറ്റ് ഉത്സവവേളകളും കേന്ദ്രം കണക്കിലെടുത്തു.
കുടിയേറ്റ തൊഴിലാളികൾക്ക് ഒറ്റരാജ്യം ഒറ്റ റേഷൻ കാർഡ് പദ്ധതി വഴി സൗജന്യ റേഷൻ ഉറപ്പായെന്നും സാമ്പത്തിക ഉന്നമനവും സ്വദേശി ഉത്പന്നങ്ങൾക്ക് പ്രോത്സാഹനവും നൽകുന്ന ആത്മനിർഭര ഭാരത് അഭിയാൻ വിപുലമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജാഗ്രത വെടിയരുത്
കൊവിഡിനെതിരെ കൂടുതൽ ജാഗ്രത പാലിക്കണം. ഇവിടെ മരണനിരക്ക് കുറവാണ്. അൺലോക്ക് കാലത്ത് അലസത അപകടമാണ്. പഞ്ചായത്ത് പ്രസിഡന്റായാലും പ്രധാനമന്ത്രിയായാലും നിയമത്തിന് അതീതരല്ല. മാസ്‌ക് ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം, കൈകൾ കഴുകണം.
ജനക്ഷേമത്തിനായി...
പട്ടിണി ഒഴിവാക്കാൻ 20കോടി പാവപ്പെട്ടവർക്ക് 31,000 കോടി രൂപ കൈമാറി
9 കോടി കർഷകരുടെ അക്കൗണ്ടുകളിൽ 18,000 കോടി എത്തി
കുടിയേറ്റ തൊഴിലാളികൾക്ക് 50,000 കോടിയുടെ തൊഴിൽ പദ്ധതി നടപ്പാക്കി
ലോകത്തെ അദ്ഭുതപ്പെടുത്തി
എൺപത് കോടി ജനങ്ങൾക്ക് മൂന്ന് മാസം സൗജന്യ റേഷൻ നൽകി ലോകത്തെ നമ്മൾ അദ്ഭുതപ്പെടുത്തി. അമേരിക്കൻ ജനസംഖ്യയുടെ രണ്ടര മടങ്ങ് അല്ലെങ്കിൽ ബ്രിട്ടീഷ് ജനസംഖ്യയുടെ 12 മടങ്ങ് അതുമല്ലെങ്കിൽ യൂറോപ്യൻ യൂണിയന്റെ ഇരട്ടി വരുന്ന ജനങ്ങൾക്കാണ് നാം സൗജന്യ റേഷൻ നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.