ന്യൂഡൽഹി: മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഡെപ്യൂട്ടി മാനേജർ ഭിന്നശേഷിക്കാരിയായ സഹപ്രവർത്തകയെ ക്രൂരമായി മർദ്ദിച്ചു. ആന്ധ്രാപ്രദേശ് ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ വരുന്ന നെല്ലൂരിലെ ഹോട്ടലിലാണ് കഴിഞ്ഞ 27ന് സംഭവം അരങ്ങേറിയത്. ഹോട്ടലിലെ ഡെപ്യൂട്ടി മാനേജർ ഭാസ്‌കറാണ് സഹപ്രവർത്തകയും ഭിന്നശേഷിക്കാരിയുമായ സീനിയർ അസിസ്റ്റന്റിനെ ക്രൂരമായി മർദ്ദിച്ചത്. കൊവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി ഓഫീസിനുള്ളിൽ മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടതിന് ഭാസ്കർ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞശേഷം തലമുടി കുത്തിപ്പിടിച്ച് നിലത്തിട്ട് ചവിട്ടുകയായിരുന്നു. ശേഷം ഇരുമ്പു ദണ്ഡ് കൊണ്ട് ആക്രമിച്ചു. സഹപ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. ഓഫീസിലെ സി.സി.ടി.വിയിൽ നിന്നുള്ള 31 സെക്കൻഡ് നീണ്ടു നിൽക്കുന്ന ദൃശ്യം പുറത്തായതോടെയാണ് ലോകം അറിഞ്ഞത്. വിവിധ വകുപ്പുകൾ ചുമത്തി മാനേജർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.