madras

ന്യൂഡൽഹി: ഓൺലൈൻ വഴിയുള്ള ആദ്യത്തെ ബി.എസ് സി കോഴ്സിന് മദ്രാസ് ഐ. ഐ.ടി തുടക്കം കുറിക്കുന്നു. പ്രോഗ്രാമിംഗ് ആൻഡ് ഡാറ്റാ സയൻസാണ് വിഷയം. പുതിയ ബിരുദ കോഴ്സ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് ഉദ്ഘാടനം ചെയ്‌തു. പത്താം ക്ളാസിൽ ഇംഗ്ളീഷും ഗണിത ശാസ്‌ത്രവും പഠിച്ച് പ്ളസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഇക്കൊല്ലം പ്ളസ് ടു പരീക്ഷ എഴുതിയവർക്കും യോഗ്യതയുണ്ട്. പ്രായപരിധിയില്ല. ഐ.ഐ.ടി അദ്ധ്യാപകർ വീഡിയോ ക്ളാസുകൾ വഴിയാണ് പഠിപ്പിക്കുക. ഫൗണ്ടേഷൻ പ്രോഗ്രാം, ഡിപ്ളോമാ പ്രോഗ്രാം, ഡിഗ്രി പ്രോഗ്രാം എന്നീ മൂന്നു തലങ്ങളിലാണ് കോഴ്സ്. യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്കു ലഭിക്കുന്നവരെ ഫൗണ്ടേഷൻ കോഴ്സിൽ പ്രവേശിപ്പിക്കും. 3000 രൂപയാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: www.onlinedegree.iitm.ac.in.