ന്യൂഡൽഹി: കൊവിഡിന് ഫലപ്രദമെന്ന് അവകാശപ്പെട്ട്, ഹൈദരാബാദ് കേന്ദ്രമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിൻ മരുന്ന് 'കൊവാക്സിൻ' മനുഷ്യരിൽ പരീക്ഷിക്കുന്നതിന് ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയും കേന്ദ്ര ആരോഗ്യമന്ത്രാലയവും അനുമതി നൽകി. ഇതാദ്യമായാണ് കൊവിഡിന് തദ്ദേശീയമായി നിർമ്മിച്ച വാക്സിന് ക്ലിനിക്കൽ പരീക്ഷണ അനുമതി ലഭിക്കുന്നത്. ജൂലായിൽ രാജ്യവ്യാപകമായി മരുന്നിന്റെ ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണം നടക്കും. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുടെയും സഹകരണത്തോടെയാണ് മരുന്ന് നിർമ്മിച്ചത്. വൈറസിനെതിരായ പ്രതിരോധശേഷിയുണ്ടാക്കാൻ ഈ വാക്‌സിൻ സഹായിക്കുമെന്ന് പ്രീക്ലിനിക്കൽ പരീക്ഷണത്തിൽ കണ്ടെത്തിയതായാണ് അവകാശവാദം. നിലവിൽ രാജ്യത്ത് 30 ഗ്രൂപ്പുകളാണ് കൊവിഡ് വാക്‌സിന് വികസിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്.