ന്യൂഡൽഹി:ലഡാക്കിൽ നിന്ന് ചൈനീസ് പട്ടാളത്തെ എപ്പോൾ ഒഴിപ്പിക്കുമെന്ന് പ്രധാനമന്ത്രി മോദിയോട് ആരാഞ്ഞ് കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി. ' ഇന്ത്യൻ മണ്ണ് ചൈന പിടിച്ച് വച്ചിരിക്കുകയാണെന്ന് രാജ്യത്തെ ജനങ്ങൾക്കെല്ലാം അറിയാം. ലഡാക്കിൽ നാലിടങ്ങളിൽ ചൈനീസ് പട്ടാളം താവളമടിച്ചിരിക്കുകയാണ്. എന്നാണ് അല്ലെങ്കിൽ എങ്ങനെയാണ് ഇവരെ രാജ്യത്ത് നിന്ന് തരുത്തുന്നതെന്ന് ഒന്ന് പറയാമോ?'' വീഡിയോയിലൂടെ രാജ്യത്തെ അഭസംബോധന ചെയ്ത് രാഹുൽ ചോദിച്ചു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന്റെ കാലത്ത് ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി വർദ്ധിച്ചതായി രാഹുൽ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് രാഹുൽ കേന്ദ്രസർക്കാരിനെതിരെ ഈ വിമർശനമുന്നയിച്ചത്. ''വസ്തുതകൾ നുണ പറയില്ല. ബി.ജെ.പി പറയുന്നത്: ഇന്ത്യയിൽ നിർമിക്കാൻ, ബി.ജെ.പി ചെയ്യുന്നത്: ചൈനയിൽ നിന്ന് വാങ്ങൽ. '' രാഹുൽ ട്വീറ്റ് ചെയ്തു.

യു.പി.എ, എൻ.ഡി.എ ഭരണകാലങ്ങളിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി സംബന്ധിച്ച കണക്കുകളുടെ ഗ്രാഫിക്‌സ് ഉൾപ്പെടെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. യു.പി. എ സർക്കാർ ഇറങ്ങി മോദി സർക്കാർ അധികാരത്തിലേറിയ 2014ൽ 12 - 13 ശതമാനം വരെയായിരുന്നു ചൈനയിൽ നിന്നുള്ള ഇറക്കുമതിയെന്നും അത് മോദി ഭരണകാലത്ത് 2020ൽ 17 - 18 ശതമാനമാണെന്നും ഗ്രാഫിക്‌സിൽ ചൂണ്ടിക്കാട്ടുന്നു.