ന്യൂഡൽഹി: രാജ്യത്ത് 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ ടിക്ക് ടോകിന്റെ പ്രവർത്തനം നിറുത്തി. ഫോണിൽ ടിക്ക് ടോക് ഇൻസ്റ്റാൾ ചെയ്ത ഉപഭോക്താക്കൾക്കും സേവനം ഇനി ഉപയോഗിക്കാൻ കഴിയില്ല. ഉപഭോക്താക്കൾക്കായി നിരോധനം സംബന്ധിച്ച സന്ദേശം ടിക്ക് ടോക് അയച്ചു.
നിരോധനം വന്നതിന് പിന്നാലെ ഗൂഗിൾ പ്ലേസ്‌റ്റോറിൽ നിന്നും ആപ്പിൾ പ്ലേ സ്‌റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്തിരുന്നു. എന്നാൽ നേരത്തേ ഇൻസ്റ്റാൾ ചെയ്തവർക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ ഇവയുടെ പ്രവർത്തനവും ഇപ്പോൾ നിറുത്തി. അതേസമയം, നിരോധിച്ച ആപ്പുകളുടെ പട്ടികയിലുള്ള യു.സി. ബ്രൗസർ, വീ. ചാറ്റ്, ബഗോ ലൈവ്, ഷീൻ എന്നീ ആപ്പുകൾ രണ്ട് സ്റ്റോറുകളിലും ലഭ്യമാണ്.
എന്നാൽ ടിക്ക് ടോക്ക് ഇന്ത്യയിൽ നിന്ന് പടിയിറങ്ങുമ്പോൾ പകരക്കാരാകാൻ കാത്തുനിൽക്കുകയാണ് ചിങ്കാരി, ഡബ്സ്മാഷ്, ത്രില്ലർ, റൊപോസോ, ബോലോ ഇന്ത്യ എന്നിങ്ങനെ ഒരുപിടി ഇന്ത്യൻ ആപ്പുകൾ. ടിക്ക് ടോക്കിന്റെ നിരോധനത്തിന് പിന്നാലെ 25 ലക്ഷം പേരാണ് ചിങ്കാരി ആപ്പ് മാത്രം ഡൗൺലോഡ് ചെയ്തതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റപ്പോർട്ട് ചെയ്യുന്നു. ജനപ്രിയ ആപ്പായ ടിക്ക് ടോക്, വിചാറ്റ്, എക്‌സെൻഡർ, ഷെയർ ഇറ്റ് തുടങ്ങിയ 59 ആപുകൾ ഇന്ത്യയിൽ നിരോധിക്കുന്നതായി തിങ്കളാഴ്ച വൈകുന്നേരമാണ് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്.
പ്രതികരണവുമായി ടിക്ക് ടോക്ക്
ഇന്ത്യൻ നിയമമനുസരിച്ചുള്ള ഡാറ്റ സുരക്ഷിതത്വവും സ്വകാര്യതയും ടിക്ക് ടോക്ക് പാലിക്കുമെന്ന് ടിക് ടോക്ക് കമ്പനിയുടെ ഇന്ത്യൻ മേധാവി നിഖിൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനക്ക് കൈമാറുന്നില്ലെന്നും ടിക്ക് ടോക്ക് അറിയിച്ചു. കേന്ദ്രസർക്കാർ പ്രതിനിധികളെ കണ്ട് ഇക്കാര്യത്തിൽ വിശദീകരണം നൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.