pm

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിൻ വികസനപ്രവർത്തനങ്ങളുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. വാക്സിൻ ലഭ്യമായാൽ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെപ്പറ്റിയുള്ള മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.


രോഗസാദ്ധ്യത ഏറെയുള്ള ആളുകൾക്ക് മുൻഗണന, മരുന്ന് വിതരണ ശൃംഖല സംവിധാനത്തിന്റെ ശരിയായ നടത്തിപ്പ്, വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവ കൂടാതെ ഈ ദേശീയ ഉദ്യമത്തിൽ സ്വകാര്യ മേഖലയുടെയും പൗര സമൂഹത്തിന്റെയും പങ്കും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ദേശീയ പ്രയത്‌നത്തിന് നാല് മാർഗ നിർദ്ദേശ തത്വങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, ആരോഗ്യ മേഖലയ്ക്ക് പുറത്തുള്ള കൊവിഡ് പ്രതിരോധ പ്രവർത്തകർ, സാധാരണക്കാരിൽ രോഗ സാദ്ധ്യതയുള്ളവർ തുടങ്ങി രോഗസാദ്ധ്യത കൂടുതലുള്ളവരെ കണ്ടെത്തി മുൻഗണന നൽകി ആദ്യം വാക്‌സിൻ നൽകുകയാണ് ഒന്നാമത്തേത്. 'ആർക്കും എവിടേയും ' എന്ന നിലയിൽ വാക്‌സിനേഷൻ പ്രവർത്തനം നടത്തുക, വാക്‌സിൻ താങ്ങാനാവുന്ന ചെലവിൽ സാർവത്രികമായി ലഭ്യമാക്കുക, വാക്‌സിൻ നിർമാണം മുതൽ നൽകുന്നതു വരെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും സാങ്കേതിക വിദ്യയുടെ സഹായവും, യഥാസമയ നിരീക്ഷണവും ഏർപ്പെടുത്തുക എന്നിവയായിരുന്നു തത്വങ്ങൾ. ഇതിനായി നിലവിൽ ലഭ്യമായ സാങ്കേതിക വിദ്യാ സൗകര്യങ്ങൾ വിശദമായി പരിശോധിക്കാനും പദ്ധതിക്കുള്ള വിശദ ആസൂത്രണ രേഖ ഉടൻ തയ്യാറാക്കാനും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.