pan

ന്യൂഡൽഹി:അതിർത്തിയിലെ പാംഗോങ് തടാകത്തിന് വടക്ക് ഫിംഗർ നാലിൽ അതിക്രമിച്ചു കടന്ന സ്ഥലത്ത് ആധിപത്യമുറപ്പിക്കാൻ ടെന്റുകൾക്ക് സമീപം മണ്ണിൽ വരച്ച കൂറ്റൻ ചൈനീസ് ഭൂപടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇതോടൊപ്പം ചൈനീസ് അക്ഷരങ്ങളും ഉണ്ട്.

ഫിംഗർ 4നും ഫിംഗർ അഞ്ചിനും ഇടയിൽ തടാകക്കരയോട് ചേർന്ന് 81 മീറ്റർ നീളവും 25മീറ്റർ വീതിയുമുള്ള ഭൂപടമാണ് മണ്ണിൽ തീർത്തതെന്ന് ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ചൈന കൈയേറിയ ഭാഗത്തെ നിർമ്മിതികളിൽ കൂറ്റൻ ഭൂപടം ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമായി കാണാം. നിരവധി ടെന്റുകളും കവചിത വാഹനങ്ങളും ചിത്രങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതിർത്തി സംഘർഷത്തിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് ചൈനയുടെ ഈ പ്രവ‌ൃത്തി.

ടിബറ്റിലെ ചൈനീസ് സേനയുടെ കമാൻഡർ വാങ് ഹാജിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യ – ചൈന അതിർത്തിയോടു ചേർന്ന് ചൈനീസ് അക്ഷരങ്ങൾ വരയ്ക്കുന്നതിന്റെ വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.

പ്ലാനറ്റ് ലാബ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങൾ അനുസരിച്ച് മേഖലയിൽ ചൈനീസ് സേനയുടെ വൻ ഏകീകരണമാണ് നടക്കുന്നത്. ചൈന അതിക്രമിച്ചു കയറിയ മേഖലകളിൽ 186 കുടിലുകളും ടെന്റുകളും സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

തടാകത്തിലേക്ക് തള്ളി നിൽക്കുന്ന ഫിംഗർ എട്ടുവരെ ഇന്ത്യൻ സേന പട്രോളിംഗ് നടത്തിയ ഭാഗത്താണ് തങ്ങളുടേതെന്ന് അവകാശപ്പെട്ട് ചൈനക്കാർ കടന്നു കയറിയതും മെയ് ആദ്യവാരം സംഘർഷമുണ്ടായതും.