ന്യൂഡൽഹി:അതിർത്തിയിലെ സംഘർഷ മേഖലകളിൽ നിന്ന് സൈന്യത്തെ പെട്ടെന്ന് പിൻവലിക്കാനും പ്രകോപനം ഒഴിവാക്കാനും ലക്ഷ്യമിട്ട് വിളിച്ച സൈനിക കമാൻഡർ തല ചർച്ചയിൽ സമവായമായില്ലെന്ന് സൂചന. സൈന്യത്തെ പിൻവലിക്കാൻ ജൂൺ 22നുണ്ടാക്കിയ ധാരണകൾ നടപ്പാക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് ഇന്ത്യ.
പാംഗോഗ് തടാകത്തിന് വടക്ക് ഫിംഗർ നാലിൽ കടന്നു കയറിയ ചൈനീസ് സൈന്യം പിൻവാങ്ങണമെന്ന ആവശ്യമാണ് ഇന്ത്യ ഉന്നയിച്ചത്. പെട്ടെന്നുള്ള പിൻമാറ്റത്തോട് ചൈനീസ് സംഘം യോജിച്ചില്ല. ഫിംഗർ എട്ടുമുതൽ ഫിംഗർ നാലുവരെ തങ്ങളുടെ പ്രദേശമാണെന്ന വാദം അവർ ആവർത്തിച്ചു. ഇരുപക്ഷവും നിലപാടുകളിൽ ഉറച്ചു നിന്നതിനാൽ വടക്കൻ ലഡാക്കിലെ ചുഷൂലിൽ ഇന്ത്യൻ അതിർത്തിയിൽ രാവിലെ 11ന് തുടങ്ങിയ കൂടിക്കാഴ്‌ച രാത്രിവരെ നീണ്ടു. കൂടിക്കാഴ്‌ചയിൽ ഇന്ത്യൻ സംഘത്തെ14-ാം കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗും ചൈനീസ് സംഘത്തെ സിൻചിയാംഗ് മിലിട്ടറി മേഖലാ കമാൻഡർ മേജർ ജനറൽ ലിയൂ ലിനുമാണ് നയിച്ചത്.
ജൂൺ 22ന് ചൈനയിലെ മോൾഡയിൽ 11 മണിക്കൂറോളം നീണ്ട കൂടിക്കാഴ്‌ചയിൽ സൈന്യത്തെ ഘട്ടം ഘട്ടമായി പിൻവലിക്കാൻ ധാരണയായിരുന്നു. എന്നാൽ അതിർത്തിയിൽ ചൈനയുടെ പ്രകോപനം കാരണം നടപ്പായില്ല. ജൂൺ ആറിന് ആദ്യ കൂടിക്കാഴ്‌ചയിലുണ്ടാക്കിയ ധാരണകൾ കാറ്റിൽപ്പറത്തിയാണ് ചൈന ഗാൽവൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരെ ആക്രമിച്ചത്. ഇക്കാര്യങ്ങൾ ഇന്ത്യ ഇന്നലെയും ചൂണ്ടിക്കാട്ടി.
കമാൻഡർ തല ചർച്ചയിൽ പുരോഗതി ഇല്ലാത്തതിനാൽ ഉടൻ തുടങ്ങാനിരിക്കുന്ന നയതന്ത്ര ചർച്ചകൾക്ക് പ്രാധാന്യമേറും. ജോയിന്റ് സെക്രട്ടറി തലത്തിൽ പ്രതിവാര ചർച്ച തുടങ്ങാനാണ് തീരുമാനം.
ഗാൽവനിൽ ഭീഷ്‌മ
ടാങ്കും വിന്യസിച്ചു
ലഡാക്കിലെ ഗാൽവൻ താഴ‌്‌വരയിൽ ചൈനീസ് സേനയുടെ ഭീഷണി നേരിടാൻ റഷ്യൻ നിർമ്മിത ഭീഷ്‌മ ടി-90 ടാങ്കുകൾ ഇന്ത്യ വിന്യസിച്ചു. ഇരുപത് വർഷമായി സേനയുടെ ഭാഗമായ ടി-90 ടാങ്കുകൾ പാകിസ്ഥാൻ അതിർത്തി കാക്കുന്ന ഇൻഫൻട്രി ബറ്റാലിയന് ആത്മവിശ്വാസം നൽകുന്ന ആയുധങ്ങളിലൊന്നാണ്. ഇതിലെ ടാങ്ക് വേധ മിസൈലിന്റെ പ്രഹരപരിധി 100 മീറ്റർ മുതൽ 4 കിലോ മീറ്റർ വരെയാണ്. 11.7 സെക്കൻഡ് കൊണ്ട് പരമാവധി ദൂരത്തിലെത്തും. താഴ്‌ന്നു പറക്കുന്ന ഹെലികോപ്‌ടർ അടക്കമുള്ളവയെയും തകർക്കും. രാത്രിയും ശത്രുവിന്റെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് പ്രഹരിക്കാനും ശേഷിയുണ്ട്.