ന്യൂഡൽഹി : കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ നൂറിലേറെ പേരെ പങ്കെടുപ്പിച്ച് വിവാഹം, വരന് രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും ചികിത്സ നൽകിയില്ല... ഫലമോ വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ വരൻ മരിച്ചു. 95 പേർ കൊവിഡ് ബാധിതരായി. ഒരു ഗ്രാമം മുഴുവൻ ക്വാറന്റൈനിലും.
ബിഹാർ തലസ്ഥാനമായ പട്‌നയിൽ നിന്ന് 50 കിലോമീറ്റർ ദൂരെയുള്ള പാലിഗഞ്ച് ഗ്രാമത്തിലാണ് അശ്രദ്ധയും നിയമംൾ പാലിക്കാൻ വിമുഖതയും കാട്ടിയതിനെ തുടർന്ന് വൻ കൊവിഡ് സംക്രമണമുണ്ടായത്. മെയ് 12 നാണ് ഈ യുവാവ് വിവാഹത്തിനായി ഗ്രാമത്തിലേക്ക് എത്തിയത്. വീട്ടിൽ വന്നുകയറിയപ്പോൾ തന്നെ യുവാവിന് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും, അതിനെ സാധാരണ പനിയും ജലദോഷവുമായി കണ്ട് ഉറ്റബന്ധുക്കൾ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹച്ചടങ്ങുകളുമായി മുന്നോട്ടുപോയി. ജൂൺ 15ന് വിവാഹം കഴിഞ്ഞ് രണ്ടാം നാൾ യുവാവ് രോഗലക്ഷണങ്ങൾ മൂർച്ഛിച്ച് മരിച്ചു. ആരോഗ്യവകുപ്പിനെ അറിയിക്കാതെ തന്നെ വരന്റെ ബന്ധുക്കൾ മരണാനന്തര ചടങ്ങുകൾ നടത്തിയതിനാൽ അയാളുടെ കൊവിഡ് ടെസ്റ്റ് നടത്താൻ സാധിച്ചില്ല.
താമസിയാതെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരിച്ചു പോയ പലർക്കും കടുത്ത കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായി അവർ ടെസ്റ്റുകൾക്ക് വിധേയരായതോടെയാണ്, ഈ സംക്രമണത്തിന്റെ പ്രഭവകേന്ദ്രം കല്യാണവീടാണെന്ന് ആരോഗ്യവകുപ്പ് തിരിച്ചറിയുന്നത്. വിവാഹച്ചടങ്ങിൽ ഗുരുതരമായ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിരുന്നിട്ടും ആരോഗ്യവകുപ്പ് ഇടപെടുകയോ ചടങ്ങ് തടയുകയോ ഉണ്ടായില്ല. ഇപ്പോൾ, കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ബന്ധുക്കളുടെ കോൺടാ്ക്ട് ട്രേസിംഗ്, ഐസൊലേഷൻ, ക്വാറന്റീൻ നടപടികളുമായി മുന്നോട്ടുപോവുകയാണ് ജില്ലാ ഭരണകൂടം. വധുവിന്റെ കൊവിഡ് പരിശോധനാഫലം പക്ഷേ നെഗറ്റീവ് ആയിട്ടുണ്ട്.