ന്യൂഡൽഹി: സ്‌റ്റെർലിംഗ് ബയോടെക് കമ്പനി ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.
ശനിയാഴ്ച എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ നൽകിയ മറുപടി തൃപ്തികരമല്ലാത്തത് കൊണ്ടാണ് വീണ്ടും ചോദ്യം ചെയ്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രത്‌നവ്യാപാരികളായ നീരവ് മോദിയും മെഹുൽ ചോക്‌സിയും ഉൾപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസിനെക്കാൾ വലിയ തട്ടിപ്പ് കേസാണ് ഇതെന്ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ, മരുമകൻ ഇർഫാൻ സിദ്ദിഖി എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെർലിംഗ് ബയോടെകിന്റെ പ്രധാന പ്രൊമോട്ടർമാരും ഡയറക്ടർമാരുമായ നിതിൻ ജയന്തിലാൽ സന്ദേസര, ചേതൻകുമാർ ജയന്തിലാൽ സന്ദേസര, ദീപ്തി സന്ദേസര എന്നിവർ ബാങ്കിൽ നിന്ന് 14,500 കോടി രൂപ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മൂന്നുപേരും ഇപ്പോൾ ഒളിവിലാണ്. നിതിനും ചേതൻകുമാറും സഹോദരങ്ങളാണ്. ഇവരുമായി ഫൈസലിനും ഇർഫാൻ സിദ്ദിഖിക്കും അടുത്ത ബന്ധമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.