pat

ന്യൂഡൽഹി:കൊറോനിൽ കൊവിഡ് ഭേദമാക്കാനുള്ള മരുന്നാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന വാദവുമായി പതഞ്ജലി. കൊവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദത്തെപ്പറ്റി കേന്ദ്ര ആയുഷ് മന്ത്രാലയം വിശദീകരണം തേടിയതിന് പിന്നാലെയാണ് പുതിയ വിശദീകരണവുമായി പതഞ്ജലി സി.ഇ.ഒ. ആചാര്യ ബാലകൃഷ്ണ രംഗത്തെത്തിയിരിക്കുന്നത്. 'കൊറോനിൽ ഉപയോഗിച്ചാൽ കൊവിഡ് ഭേദമാകുമെന്ന് ഒരിക്കലും ഞങ്ങൾ അവകാശപ്പെട്ടില്ല.തുളസി,ചിറ്റമൃത്, അമക്കൂരം തുടങ്ങിയ ഔഷധ സസ്യങ്ങൾ ചേർത്ത് 'കൊറോനിൽ' എന്ന പേരിൽ ഒരു പ്രതിരോധ മരുന്നുണ്ടാക്കിയിരുന്നു. ആ മരുന്ന് പരീക്ഷണാടിസ്ഥാനത്തിൽ കൊവിഡ് രോഗിക്ക് നൽകിയപ്പോൾ രോഗം ഭേദമായി. ആ മരുന്ന് കഴിച്ചാൽ കൊവിഡ് ഭേദമാകുമെന്ന് ആരോടും പറഞ്ഞിട്ടില്ല.എന്നാൽ പതഞ്ജലിയ്ക്ക് നേരെ ഗൂഢാലോചനയാണുണ്ടായിരിക്കുന്നത്.കേന്ദ്ര ആയുഷ് മന്ത്രാലയം വീണ്ടും മരുന്നുണ്ടാക്കാൻ ആവശ്യപ്പെട്ടാൽ കൊറോനിൽ ഉണ്ടാക്കി നൽകാനും തയാറാണെന്ന് ' ബാലകൃഷ്ണ പറയുന്നു. കഴിഞ്ഞ ജൂൺ 23നാണ് രോഗപ്രതിരോധത്തിന് ആയുർവേദ മരുന്ന് കണ്ടുപിടിച്ചതായി യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് പത്രസമ്മേളനത്തിലൂടെ അവകാശപ്പെട്ടത്.