കോലഞ്ചേരി: വെളിച്ചെണ്ണ വിപണിയിലെ തട്ടിപ്പ് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇനി മുതൽ ഒരു കമ്പനിക്ക് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമെ പുറത്തിറക്കാനാകൂ.
ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ പിടികൂടുമ്പോൾ മറ്റൊരു ബ്രാൻഡിൽ അതേ എണ്ണ വിപണിയിലെത്തിക്കുന്ന തന്ത്രം തടയാനാണ് നിയമം.
മുമ്പ് ഒരു കമ്പനിക്ക് നാല് ബ്രാൻഡുകൾ വരെ രജിസ്റ്റർ ചെയ്യാമായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഇപ്പോൾ നിലവിലുള്ള വെളിച്ചെണ്ണ കമ്പനികൾ വീണ്ടും ബ്രാൻഡുകൾ രജിസ്റ്റർ ചെയ്യണം.
പുതിയ വ്യവസ്ഥകൾ
• ഒരു കമ്പനിക്ക് ഒരു ബ്രാൻഡ് മാത്രമേ അനുവദിക്കൂ.
• ഓരോ കമ്പനിയും പ്രവർത്തനം തുടങ്ങുന്ന ജില്ലയിൽ രജിസ്റ്റർ ചെയ്യണം.
• ബ്രാൻഡിന്റെ പേര്, ലൈസൻസ് നമ്പർ, ബ്രാൻഡ് ലേബലിന്റെ പകർപ്പ് എന്നിവയോടെ 15 ദിവസത്തിനകം രജിസ്റ്റർ ചെയ്യണം.
• സംസ്ഥാനത്തിന് പുറത്ത് ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണ വിൽക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പ്രത്യേക അനുമതി വേണം.
• രജിസ്റ്റർ ചെയ്ത ജില്ലക്ക് പുറത്ത് വിൽക്കാൻ അതാത് ജില്ലകളിലെ അസിസ്റ്റന്റ് കമ്മീഷണർമാരുടെയും അനുമതി വേണം.
• മുമ്പ് നടപടി നേരിട്ടവർക്ക് വീണ്ടും കമ്പനി തുടങ്ങണമെങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെയും അനുമതി വേണം.