jamal
കോൺഗ്രസ് ചൂർണ്ണിക്കര മണ്ഡലം കമ്മിറ്റി ഗ്രാമപഞ്ചായത്തിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കഴിഞ്ഞ രണ്ട് പ്രളയകാലത്തും ദുരിതം ഏറ്റുവാങ്ങേണ്ടി വന്ന കുന്നത്തേരി ചവർപാടം സ്വദേശികൾ മഴക്കാലമാരംഭിച്ചതോടെ ആശങ്കയുടെ നടുവിലാണ്. സാധാരണ മഴ വന്നാൽ പോലും റോഡും പരിസരവുമെല്ലാം വെള്ളക്കെട്ടിലാകുമെന്നതാണ് നാട്ടുകാരെ ആശങ്ക. പലവട്ടം അധികാരികളുമായി ചർച്ചകൾ നടത്തിയെങ്കിലും ഫലപ്രദമായ നടപടിയില്ലാത്തതാണ് പ്രതിഷേധത്തിന് കാരണം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ സന്നദ്ധ സംഘടനകൾക്കൊപ്പം വിവിധ രാഷ്ട്രീയ പാർട്ടികളും വിഷയം ഏറ്റെടുത്തിട്ടുണ്ട്.മുട്ടം മെട്രോ യാർഡിനായി ചവർപ്പാടം നികത്തിയതോടെയാണ് സമീപത്തുള്ള വീടുകളിൽ മഴ പെയ്യുമ്പോൾ തന്നെ വെള്ളം കയറി തുടങ്ങിയത്.

# വെള്ളപ്പൊക്കത്തിന് കാരണം ചവർപാടം നികത്തൽ

മെട്രോ യാർഡിനായി ചവർപാടം നികത്തിയപ്പോൾ തന്നെ പാടത്ത് വീതി കൂട്ടി തോട് പണിയാമെന്ന് അധികാരികൾ ഉറപ്പ് നൽകിയെങ്കിലും ആവശ്യത്തിന് വീതിയുണ്ടായില്ല. അതിനാൽ ഒഴുക്ക് കുറഞ്ഞ നിലയിലായിരുന്നു. ഈ തോട് ഇപ്പോൾ മാലിന്യങ്ങളും പുല്ലും നിറഞ്ഞു വെള്ളം ഒഴുകാത്ത അവസ്ഥയാണ്. കഴിഞ്ഞ വർഷം പ്രതിഷേധത്തെ തുടർന്ന് വെള്ളക്കെട്ടിന് പരിഹാരം കാണാമെന്ന് മെട്രോ അധികാരികൾ ഉറപ്പ് നൽകിയെങ്കിലും യാതൊരു നടപടിയും എടുത്തില്ല. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം.

#പ്രതിഷേധവുമായി കോൺഗ്രസ്

മഴക്കാലത്തിന് മുമ്പേ ചൂർണിക്കര ചവർപ്പാടത്തെ വെള്ളക്കെട്ടിന് ശ്വാശ്വത പരിഹാരം കാണുക, കുടുംബാരോഗ്യ കേന്ദ്രത്തിൻറെ നിർമ്മാണം ഉടനാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ചൂർണ്ണിക്കര മണ്ഡലം കമ്മിറ്റി ഗ്രാമപഞ്ചായത്തിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.

ചൂർണ്ണിക്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ടി.ഐ. മുഹമ്മദ്, രാജു കുംബ്‌ളാൻ, വില്ല്യം ആലത്തറ, നസീർ ചൂർണ്ണിക്കര, കെ.കെ. ശിവാനന്ദൻ, മുഹമ്മദ് ഷെഫീക്ക്, ടി.എഫ് തോമസ് എന്നിവർ നേതൃത്വം നൽകി.