കോലഞ്ചേരി: കൊവിഡ് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം. കൊവിഡ് ഗ്രാമീണ മേഖലകളിലെ കൃഷി സങ്കല്പങ്ങളെയാകെ മാറ്റി മറിച്ചു. നാട്ടിൻപുറങ്ങളിൽ എല്ലാവർക്കും കൃഷിയോടായി സ്‌നേഹം. കൃഷി ഭവനുകളിൽ എത്തുന്ന വിത്തുകളും തൈകളും തികയാത്ത അവസ്ഥയാണ് ഇക്കാലത്തുള്ളത്.
യുവാക്കളുടെ സംഘങ്ങൾ കൃഷിയിലേയ്ക്ക് തിരിഞ്ഞതാണ് മറ്റൊരു നേട്ടം. കടയിരുപ്പിൽ കെ.എഫ്.സി ഫുട്ബാൾ ക്ളബ്ബും കൃഷിയിലേക്കിറങ്ങിയവരിൽ പെടും.ഭക്ഷ്യ വിഭവങ്ങളായ ചക്ക, മാങ്ങ, ഫ്രൂട്ട് പ്ളാന്റുകൾക്ക് ലോക്ക് ഡൗൺ കാലത്ത് ആവശ്യക്കാരേറിയിരുന്നതായി പട്ടിമറ്റത്ത് നഴ്സറി നടത്തുന്ന വാസു പറയുന്നു.
#വിത്തുകളും തൈകളും തികയാത്ത അവസ്ഥ
പച്ചക്കറിത്തൈകൾ കൊടുക്കുന്നുവെന്ന പത്ര വാർത്ത കണ്ട് തടിച്ചുകൂടിയ ആളുകളെ നിയന്ത്റിക്കാൻ ഉദ്യോഗസ്ഥരും പാടു പെടുന്നു. നേരത്തെ വിത്തുകളും തൈകളും വന്നാൽ കെട്ടിയേല്പിക്കാലായിരുന്നു പതിവ്. ആവശ്യക്കാർ കൂടുന്തോറും തൈകളുടെ സംഭരണത്തിലാണ് കൃഷി ഭവൻ അധികൃതർ. കർഷക കൂട്ടായ്മകൾ, നാട്ടുചന്തകൾ, സഹകരണസംഘങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവ വഴിയെല്ലാം വിത്തുകളും തൈകളും വിതരണം ചെയ്യുന്നുമുണ്ട്.
#സബ്സിഡിയിൽ വർദ്ധനവ്
വിവിധ കൃഷികൾക്കുള്ള സബ്സിഡി തുക വർദ്ധിപ്പിച്ചതും കർഷക സംരംഭകർക്ക് ആശ്വാസമാണ് നെല്ക്കൃഷിയ്ക്ക് കർഷകർക്ക് സബ് സിഡി തുക 30000 ആക്കി. സ്ഥലം വിട്ടു നൽകുന്നവർക്ക് 5000 രൂപയും ലഭിക്കും. പച്ചക്കറി കൃഷികൾക്കുള്ള സബ്സിഡിയും വർദ്ധിപ്പിച്ചിട്ടുണ്ട്.
#പുതിയ കൃഷിയിടങ്ങൾ നൂറിലധികം
കാടുമൂടിക്കിടന്ന ഭൂമിവരെ തെളിച്ച് കപ്പ, ചേന,ചേമ്പ്, മഞ്ഞൾ, ഇഞ്ചി കൃഷിയും നാടാകെ വ്യാപിച്ചു. കര നെല്ല് കൃഷിക്ക് കർഷകരും സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങിയതോടെ ഐക്കരനാട് പഞ്ചായത്തിൽ മാത്രം നൂറേക്കറിലധികമാണ് പുതിയ കൃഷിയിടങ്ങളുണ്ടായത്. മുൻ വർഷങ്ങളിലുള്ളതിന്റെ ഇരട്ടിയാണിതെന്ന്
അഞ്ജു പോൾ,കൃഷി ഓഫീസർ
#മഴ മറ നിർമ്മാണം
ഒടുവിൽ പ്രഖ്യാപിച്ച മഴ മറ നിർമ്മാണം പോലും ജൂലായ് 3 നകം നിർമ്മിച്ച് കൃഷി ഭവനിൽ അറിയിച്ചാൽ മാത്രമാണ് സബ്സിഡിയ്ക്ക് അർഹതയുള്ളൂ.അല്ലെങ്കിൽ അനുവദിച്ച തുക നഷ്ടപ്പെടും.രണ്ട് ദിവസം മുമ്പാണ് മഴ മറ നിർമ്മിക്കാൻ അനുവാദം നൽകിയത്. കൃഷി ഓഫീസർമാർ ഇക്കാര്യത്തിൽ നിസഹയരാണ് അവർക്ക് ലഭിക്കുന്ന നിർദ്ദേശങ്ങളാണ് കർഷകർക്ക് കൈമാറുന്നത്.
ജോഷി,കർഷകൻ വട്ടിപേട്ട