കോലഞ്ചേരി: ലോക്ക് ഡൗൺ ഇളവുകൾ വന്നെങ്കിലും മീനിന് പൊന്നും വില തന്നെ. ബോട്ടുകൾ കടലിൽ പോവുകയും ഹാർബറിൽ മത്സ്യവില്പന സജീവമായിട്ടും, മീൻ കിട്ടാനില്ലെന്നു പറഞ്ഞാണ് വില കൂട്ടിയിരിക്കുന്നത്. ചൊവ്വാഴ്ച ട്രോളിംഗ് നിരോധനം പ്രഭല്യത്തിൽ വരുന്നതോടെ വില കുതിക്കും. സാധാരണക്കാരന്റെ ഇഷ്ട മീനുകളിലൊന്നായ മത്തി വില,റോക്കറ്റ് പോലെയാണ് ഉയരുന്നത്. വില 300 കടന്നു! അയല 400, കിളിമീൻ 280, കൊഴുവ 250, ചെമ്മീൻ 320, കേര 300-350 ഇങ്ങനെ തൊട്ടാൽ പൊള്ളും വിലയാണ് എല്ലാത്തരം മീനിനും. ഇടനിലക്കാരുടെ ചൂഷണവുമാണ് മീൻ വില കുതിച്ചുയരാൻ കാരണം. ഇതിന് പരിഹാരം കാണാൻ ന്യായമായ വിലയ്ക്ക് ചില്ലറ മാർക്ക​റ്റിൽ മത്സ്യം ലഭ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

നടപടി ഉറപ്പ്

മീനുകൾക്ക് പല വിലയാണ് ഈടാക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരാതി ലഭിച്ചാൽ നടപടിയെടുക്കും

ടി.സഹീർ

താലൂക്ക് സപ്ലൈ ഓഫീസർ

കുന്നത്തുനാട്