ഈ ജീവിതങ്ങൾ കൊഴിഞ്ഞ പൂക്കളെപ്പോലെ....

കോലഞ്ചേരി: പൂവില്ല, പൂമണമില്ല. പൂക്കടക്കാരുടെ ജീവിതം കൊഴിഞ്ഞുവീണ പൂക്കളെ പോലായി. വിവാഹം, മരണം, ആഘോഷം, ക്ഷേത്രങ്ങൾ എന്നിവ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലായതോടെ രണ്ട് മാസത്തിലേറെയായി പൂക്കച്ചവടക്കാർക്ക് അഞ്ചുപൈസയുടെ വരുമാനമില്ല.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് പൂക്കളുടെ വരവ് നാമമാത്രം. തമിഴ്‌നാട്ടിലും കർണാടകയിലും നിന്നാണ് ജില്ലയിൽ പൂക്കൾ എത്തുന്നത്. തമിഴ്‌നാട്ടിലെ പൂക്കൾ വരുന്നില്ല. പൂനുള്ളാൻ പണിക്കാർ എത്തുന്നില്ലെന്നാണ് മൊത്തക്കച്ചവടക്കാർ നൽകുന്ന വിവരം. ഓർഡർ എടുക്കാനും അവർ വിളിക്കുന്നില്ല.

ബംഗളുരു പൂക്കളാണ് കുറച്ചെങ്കിലും വരുന്നത്. വില കൂടിയിട്ടില്ലെങ്കിലും ട്രാൻസ്‌പോർട്ടിംഗ് നിരക്ക് വർദ്ധിച്ചു. കടകളിൽ വാങ്ങാൻ ആരും എത്തുന്നില്ലെന്ന് കടക്കാർ പറയുന്നു.

പൂക്കച്ചവടം ഉഷാറാകുന്ന പ്രധാന വിവാഹസീസൺ നഷ്ടമായി. മരണ വീടുകളിൽ റീത്തും, ബൊക്കെയും ഒന്നും വേണ്ട. ഉദ്ഘാടനങ്ങളും ചടങ്ങുകളും ഇല്ലാതായി. ക്ഷേത്രങ്ങളിൽ പൂജയ്ക്ക് ചു​റ്റുവട്ടത്തുള്ള പൂക്കൾ ധാരാളമാണ്. സ്വർണക്കടകളിലും മറ്റും ദിനേന അലങ്കാരത്തിന് ഉപയോഗിച്ചിരുന്നതും അവസാനിച്ചു. മുല്ലമാല വാങ്ങി ചൂടുന്ന ശീലവും മലയാളിമങ്കമാർ ഉപേക്ഷിച്ചു. കൊവിഡ് പൂക്കച്ചവടത്തെ ഗതികേടിലാക്കിയെന്ന് തന്നെ പറയാം....

വിവിധ അമ്പലങ്ങളിൽ പൂമുടൽ ചടങ്ങുകൾക്കായി താമര പൂക്കൾക്ക് ഒരു പാട് ഓർഡർ ഉണ്ടായിരുന്നു കൊവിഡ് കാലത്ത് അമ്പലങ്ങളിൽ ചടങ്ങുകൾക്ക് നിയന്ത്രണം വന്നതോടെ എല്ലാ ഓർഡറുകളും റദ്ദായി

മനോജ്, മഞ്ജരി ഫ്ളവർ മാർട്ട് , തൃപ്പൂണിത്തുറ