pokkali
ഇന്ന് വിത്ത് വിത ആരംഭിക്കുന്ന എടവനക്കാട്ടടപ്പ് നിലം

വൈപ്പിൻ : എടവനക്കാട്ടടപ്പിന്റെ പേര് ദോഷം മാറുന്നു. രണ്ട് പതിറ്റാണ്ടായി തരിശായിക്കിടന്ന പൊക്കാളി പാടത്ത് വിത്തെറിഞ്ഞ് അഞ്ച് യുവാക്കൾ. 20 ഏക്കറിലാണ് കൃഷി. എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ ആറു പേരാണ് സമൃദമായ കൃഷിയിടത്തെ തിരിച്ച് പിടിക്കാൻ മുന്നിട്ടിറങ്ങിയത്. വിത്തിറക്കൽ ചടങ്ങ് എസ്.ശർമ്മ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവൻ മിത്ര,പഞ്ചായത്ത് മെമ്പർമാർ, കൃഷി ഓഫീസർ, കൃഷി സമാജം ഭാരവാഹികൾ എന്നിവർ സാന്നിധരായിരുന്നു.

കർഷകരുടെ കൂട്ടായ്മയായ കൃഷി സമാജത്തിന്റെ ഉടമസ്ഥതിയിലാണ് എടവനക്കാട്ടടപ്പ്. 30 ഏക്കറുണ്ട് കൃഷിയിടകം. 25 വർഷം മുമ്പ് വരെ പൊക്കാളി കൃഷിയും കൊയ്ത്ത് കഴിഞ്ഞാൽ ചെമ്മീൻ കൃഷിയുമാണ് ചെയ്തിരുന്നത്. കൃഷി നഷ്ടമായതോടെ കർഷകരുടെ ശ്രദ്ധ ചെമ്മീൻ കൃഷിയിൽ മാത്രമായി. സുഭിക്ഷ കേരളം പദ്ധതിയാണ് യുവാക്കളെ കൃഷിയിറക്കാൻ പ്രേരിപ്പിച്ചത്. ആറ് പേരിൽ അഞ്ച് പേരും പ്രവാസികളാണ്.

നിലം ഒരുക്കുന്നതിനായി 104 തൊഴിൽ ദിനങ്ങളും 78 തൊഴിലുറപ്പ് ദിനങ്ങളും ഇതിനകം നൽകി. ഹെക്ടർ ഒന്നിന് 40,000 രൂപ കൃഷി വകുപ്പിൽ നിന്ന് ലഭിക്കും. ഇതിൽ 5000 രൂപ കൃഷി സമാജത്തിന് കൈമാറും.

ശേഷിക്കുന്ന രൂപയും കൂട്ടായ്മ സ്വരൂപിച്ച തുകയുമാണ് കൃഷിക്കായി നീക്കി വച്ചിട്ടുള്ളത്. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.എ സാജിത്തും കൃഷി ഓഫീസർ സജനും ആവശ്യമായ പിന്തുണ നൽകി ഒപ്പമുണ്ട്.