പിറവം: രാമമംഗലം പഞ്ചായത്തിലെ പാമ്പൂരിച്ചാൽ പാടശേഖരം കൃഷിയോഗ്യമാക്കുന്നതിനായി റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 2018ൽ ഉണ്ടായ പ്രളയത്തിൽ ഈ പാടശേഖരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നാശം സംഭവിച്ചിരുന്നതിന്റെ വിവരങ്ങൾ ജില്ലാ പഞ്ചായത്ത് അംഗവും സി.പി.ഐ. സംസ്ഥാന കമ്മിറ്റിഅംഗവുമായ അഡ്വ. കെ.എൻ. സുഗതൻ കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിനെ നേരിട്ട് കണ്ട് ബോദ്ധ്യപ്പെടുത്തിയിരുന്നു. മന്ത്രി പാമ്പൂരി ചാൽ പാടശേഖരം സന്ദർശിക്കുകയും പാടശേഖരം കൃഷിയോഗ്യമാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

#പദ്ധതി എങ്ങനെ

പദ്ധതി നടപ്പാക്കുന്നതോടെ നെൽപ്പാടങ്ങളിൽ വെള്ളം കയറുന്നത് തടയുന്നതിന് കഴിയും. അഞ്ഞൂറോളം കർഷകർക്ക് പദ്ധതി പ്രയോജനപ്പെടും. 7500 മീറ്റർ തോടുകളുടെ ആഴം കൂട്ടൽ, ബണ്ട് നിർമ്മാണം, 1050 മീറ്റർ പാടശേഖര സംരക്ഷണ ഭിത്തി നിർമ്മാണം, 1500 മീറ്റർ ലീഡിംഗ് ചാനൽ, 3 ട്രാക്ടർ ബ്രിഡ്ജ്, 5 റാംപ് എന്നിവയുടെ നിർമ്മാണം പദ്ധതിയിൽപെടുത്തിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ കീഴിലുള്ള കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.