കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻ തണ്ണി ആറാം ബ്ലോക്ക് ഭാഗത്ത് നിർമ്മിച്ചിട്ടുള്ള തടയണയുടെ നിർമ്മാണം അശാസ്ത്രീയമെന്ന് നാട്ടുകാർ. നിർമ്മാണത്തിലെ അപാകത മൂലം വെള്ളപ്പൊക്ക ഭീഷണിയിലാണ് ആദിവാസികളുൾപ്പടെയുള്ളവർ. ഒരു മാസം മുൻപാണ് ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം അനുവദിച്ച 25 ലക്ഷം രൂപ മുടക്കി തടയണയുടെ നിർമ്മാണം പൂർത്തിയാക്കിയത്.ഇതിനിടെ മഴ കനത്തതോടെ തോട്ടിലെ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ട് പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയായി മാറിയിരിക്കുകയാണ്. നാല് ആദിവാസികളുടെ പുരയിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് പോകുകയും തേക്ക് ഉൾപ്പടെ പത്തോളം വൻമരങ്ങൾ കടപുഴകി തടയണയിലേക്ക് ഒഴുകിയെത്തി ഒഴുക് തടസപ്പെട്ടു.മണ്ണിടിഞ്ഞതിനെ തുടർന്ന് ഒരു വൈദ്യുതി പോസ്റ്റും അപകടാവസ്ഥയിലാണ്. ചെക്ക്ഡാമിനോട് ചേർന്നും മൺതിട്ട ഇടിഞ്ഞ് പോയിട്ടുണ്ട്.
#നിർമ്മാണത്തിൽ അപാകത
പത്ത് തൂണുകളിലും ഒമ്പപത് സ്പാനുകളിലുമായിട്ടാണ് മൂന്ന് മീറ്ററോളം ഉയരത്തിൽ തടയണ നിർമ്മിച്ചിരിക്കുന്നത്. ഭൂമിക്കടിയിൽ പണിയേണ്ട തൂണുകളുടെ അടിത്തറ ഒരു മീറ്ററോളം മണ്ണിന് മുകളിലായിട്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്. ബെഡ് ലവൽ ഉയർത്തി പണിതിരിക്കുന്നതുമൂലം വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ട് ദിശമാറിയാണ് ഒഴുകുന്നത്.
#നിർമ്മാണത്തിലെ അപാകത പരിഹരിക്കണം
വേനൽക്കാലത്ത് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നിർമ്മിച്ച തടയണ മഴക്കാലത്ത് ജനങ്ങളുടെ ജീവന് ഭീഷണിയാകുകയാണ്. വേനൽ മഴ ശക്തമായി ചെയ്തപ്പോൾ ഉണ്ടായ വെള്ളപ്പൊക്കം ഉരുൾപൊട്ടിയതാണെന്നായിരന്നു ഇവിടത്തുകാരുടെ വിശ്വാസം എന്നാൽ പിന്നീടാണ് തടയണയിൽ വൻ മരങ്ങളും മറ്റും തടഞ്ഞ് വെള്ളം പൊങ്ങിയതായി അറിയുന്നത്.ഉരുളൻതണ്ണി തോട്ടിലൂടെയുള്ള സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്താതെ തടയണയുടെ നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്ന് പന്തപ്ര ആദിവാസി ഊരുമൂപ്പൻ കുട്ടൻ ഗോപാലനും കാണിക്കാരൻ കണ്ണൻ മണിയും ആവശ്യപ്പെട്ടു.