jeep
മാമലകണ്ടത്ത് അപകടത്തിൽ പെട്ട ജീപ്പ് മരത്തിൽ തങ്ങി നിൽക്കുന്നു

കോതമംഗലം:കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ആറാം മൈലിലും മാമലകണ്ടത്തും ജീപ്പ് മറിഞ്ഞ് രണ്ട് ഡ്രൈവർമാരടക്കം നാല് പേർക്ക് പരിക്കേറ്റു. മാമലകണ്ടം സ്വദേശികളായ വടക്കേലിൽ രാജേഷ് (43), രാജേഷിന്റെ ഭാര്യ ബിന്ദു (37) ജീപ്പ് ഡ്രൈവർ കുളപ്പുറത്തിൽ ബേസിൽ സണ്ണി (24) പഴമ്പിള്ളിച്ചാൽ പാണപാറയിൽ ബിനു എന്നിവർക്കാണ് പരിക്കേറ്റത്.

മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാൻ ശനിയാഴ്ച മാമലകണ്ടത്തു നിന്ന് ഈരാറ്റുപേട്ടയ്ക്ക് പോയവരുടെ ജീപ്പ് ആറാം മൈലിൽ കാറുമായി കൂട്ടിയിടിച്ച് 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കരണം മറിഞ്ഞ ജീപ്പ് മരത്തിൽ തങ്ങി നിന്നതു കൊണ്ട് വലിയ അപകടത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടു. രാജേഷിനേയും ഭാര്യ ബിന്ദുവിനേയും ബേസിലിനേയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽചികിത്സ നൽകി മാമലകണ്ടത്തെ വീട്ടിൽ കൊണ്ടാക്കി മടങ്ങും വഴി രാത്രി രണ്ട് മണിയോടെ മാമലകണ്ടം കിഴക്ക് ഭാഗത്ത് വച്ചാണ് രണ്ടാമത്തെ അപകടം. ജീപ്പ് ഡ്രൈവർ നിസാര പരിക്കോടെ രക്ഷപെടുകയായിരുന്നു. ഈ അപകടത്തിലും ജീപ്പ് മരത്തിൽ തങ്ങി നിന്നതാണ് രക്ഷയായത്.