കൊച്ചി: കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രളയം, നിപ്പ, നിലവിൽ കൊവിഡ് ഭീഷണി. പിന്നാലെ ഇത്തവണ വെള്ളപ്പൊക്കം കൂടിയെത്തുമോ എന്ന ഭീതിയിലാണ് കൊച്ചി നഗരവാസികൾ.

ജില്ലാ ഭരണകൂടത്തിന്റെ ഓപ്പറേഷൻ ബ്രേക്ക് ത്രൂ, ഇതിനൊപ്പം കോർപ്പറേഷൻ, കെ.എം.ആർ. എൽ, കൊച്ചി സ്മാർട്ട് സിറ്റി മിഷൻ തുടങ്ങി വിവിധ ഏജൻസികളുടെ ശുചീകരണവും തകൃതിയായി മുന്നേറുകയാണ്.

# മെട്രോയെ പഴിച്ച് കോർപ്പറേഷൻ

ഒറ്റ മഴയിൽ 'കുള'മാകുന്ന നഗരമെന്ന പേരുദോഷം തിരുത്തിക്കുറിക്കണമെന്ന ഉദ്ദേശത്തോ‌ടെ ഇത്തവണ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾക്ക് കോർപ്പറേഷൻ പതിവിലും നേരത്തെ തുടക്കം കുറിച്ചെങ്കിലും കൊവിഡ് അതെല്ലാം തകർത്തെറിഞ്ഞു. കാലവർഷത്തിനു മുമ്പ് കാനകളും തോടും വൃത്തിയാക്കാൻ മൂന്ന് ലക്ഷം രൂപ വീതം ഓരോ ഡിവിഷനും അനുവദിച്ചുവെങ്കിലും പണികൾ പാതിവഴിയിലാണ്.

മെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷമാണ് വെള്ളക്കെട്ട് രൂക്ഷമായതെന്ന് കോർപ്പറേഷൻ പഴിചാരുമ്പോൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കോർപ്പറേഷന് കഴിയില്ലെന്ന നിലപാടാണ് കൊച്ചി മെട്രോയ്ക്ക്. ഉൾറോഡുകളിൽ നിന്നും വരുന്ന കാനകൾ എം.ജി റോഡിലെ കാനകളുമായി ബന്ധിപ്പിച്ചപ്പോൾ ഉണ്ടായ അപാകതകളും വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നുണ്ട്.

#കൽവർട്ടുകൾ അടച്ചത് വിനയാകുമോ?
വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ പല കൽവർട്ടുകളും അടഞ്ഞുപോയതും നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാക്കിയേക്കും. മെട്രോ സ്‌റ്റേഷൻ നിർമ്മാണത്തോടനുബന്ധിച്ച് ഇത്തരത്തിൽ രണ്ട് കൽവർട്ടുകൾ അടഞ്ഞുപോയിട്ടുണ്ടെന്നും ഇത് വെള്ളകെട്ടിന് കാരണമായേക്കാമെന്നും പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം ഹാരിസ് പറഞ്ഞു.

കഴിഞ്ഞ മഴയ്ക്ക് കലൂർ കെ.എസ്.ഇ.ബി കോമ്പൗണ്ട് വെള്ളത്തിനടിയിലായത് ഇതുമൂലമായിരുന്നു. ചങ്ങമ്പുഴ പാർക്കിനുസമീപവും ഇതേഭീഷണി നിലനിൽക്കുന്നുണ്ട്. പൈപ്പ് കൽവർട്ടിനുപകരം ബോക്‌സ് കൽവർട്ടുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

#ഓപ്പറേഷൻ ബ്രേക്ക് ത്രൂ ഫലം കാണുമോ?

ഇക്കഴിഞ്ഞ ഒക്ടോബർ 21ന് പെയ്ത മഴ നഗരത്തിലെ വ്യാപാരമേഖലയെ വെള്ളത്തിലാക്കി. എം.ജി.റോഡിലെയും മേനകയിലെയുമൊക്കെ കച്ചവടസ്ഥാപനങ്ങളിൽ വെള്ളംകയറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. നിരവധിവീടുകളിലും മലിനജലം ഒഴുകിയെത്തിയിരുന്നു. ഇത്തവണ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി

ക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ജനം.

ജില്ലാകളക്ടറുടെ നേതൃത്വത്തിൽ രണ്ട്ഘട്ടമായാണ് ബ്രേക്ക് ത്രൂ പദ്ധതി നടപ്പാക്കുന്നത്. ചെറുതോടുകളുടെയും കാനകളുടെയും നവീകരണവും നിർമ്മാണവും അടങ്ങിയ ഒന്നാംഘട്ടത്തിലെ 90 ശതമാനം പ്രവൃത്തികളും പൂർത്തിയാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാനതോടുകൾ കേന്ദ്രീകരിച്ചാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ. തേവര കായൽമുഖം, കോയിത്തറ കനാൽ, ചിലവന്നൂർ കായൽ, ചിലവന്നൂർ ബണ്ട് റോഡ്, കാരണകോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസ്സങ്ങൾ നീക്കി വരികയാണ്.

#കോളനികൾക്ക് രക്ഷയുണ്ടാകുമോ?
കമ്മട്ടിപ്പാടം കോളനി, പി.ആൻഡ്.ടി കോളനി, ഉദയകോളനി എന്നിവിടങ്ങളിലൊക്കെ ഇത്തവണയും വെള്ളകയറുമോയെന്ന ആശങ്കയിലാണ് താമസക്കാർ.ശചീകരണപ്രവർത്തനങ്ങൾ പൂർത്തിയായിട്ട‌ില്ല .