കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാന വൃത്തിയാക്കുമ്പോൾ നീക്കം ചെയ്യുന്ന ചെളിയും മാലിന്യങ്ങളും റോഡരികിൽത്തന്നെ നിക്ഷേപിക്കരുതെന്നും 24 മണിക്കൂറിനകം ഇവ നീക്കം ചെയ്യുന്നെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പേരണ്ടൂർ - തേവര കനാലിലെ നീരൊഴുക്ക് സുഗമമാക്കി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശി കെ.ജെ ട്രീസ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. എറണാകുളത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ രൂപംനൽകിയ ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഫോർട്ടുകൊച്ചി സബ് കളക്ടർ സ്‌നേഹിൽകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.

കൊച്ചി നഗരസഭ

 പേരണ്ടൂർ - തേവര കനാലിലെ സ്ളാബിംഗ്, പൈലിംഗ് ജോലികൾ തുടങ്ങി

 രണ്ടു മാസത്തിനുള്ളിൽ ഇതു പൂർത്തിയാക്കും

 കടവന്ത്ര ജി.സി.ഡി.എ - കമ്മട്ടിപ്പാടം 2.5 കിലോമീറ്റർ കനാലിലെ ശുചീകരണം പൂർത്തിയാക്കി.

 ശുചിയാക്കേണ്ട പേരണ്ടൂർ പാലം - ചിറ്റൂർ കായൽഭാഗം നഗരസഭയുടെ പരിധിയിലല്ല.

 കാന ശുചീകരണം പുരോഗമിക്കുന്നു

 പ്രൊവിഡൻസ് റോഡ് - ബാനർജി റോഡ് ഭാഗത്തെ കാന ശുചീകരണം പൂർത്തിയാക്കി.

 കൊച്ചി മെട്രോയുടെ സഹായംവേണ്ട ഭാഗങ്ങളിലാണ് ശുചീകരണം ബാക്കിയുള്ളത്.

 സീനത്തോട് വൃത്തിയാക്കി. തടസങ്ങൾ നീക്കി.

 പേരണ്ടൂർ കനാലിന്റെ ഉദയനഗർ കോളനിയോടു ചേർന്നുള്ള ഭാഗം വൃത്തിയാക്കി.

സർക്കാർ പറഞ്ഞത്

 23 റെയിൽവെ കലുങ്കുകളിൽ 19 എണ്ണത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി

 നാലു കലുങ്കുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും.

 കനാലിന്റെ പേരണ്ടൂർ ഭാഗത്തെ മാലിന്യനീക്കം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും.

 ഫോർട്ടുകൊച്ചി സബ് കളക്ടർ സ്നേഹിൽകുമാറിന് ഏകോപനച്ചുമതല

 കൊച്ചി മെട്രോ പറഞ്ഞത്

 കലൂർ സ്റ്റേഡിയത്തിലെ പൈപ്പ് കലുങ്കിന്റെ ജോലികൾ തുടങ്ങി.

 സമയബന്ധിതമായി ഇതു പൂർത്തിയാക്കും.

 കാനകൾക്കു മീതെ സ്ഥാപിച്ച ടൈലുകൾ നീക്കി ശുചീകരണത്തിന് നഗരസഭയെ സഹായിക്കാം

 ശുചീകരണത്തിനുശേഷം ഒരു തവണത്തേക്ക് ഇതു പുന: സ്ഥാപിച്ചു കൊടുക്കാം

 ടൈലുകൾ നശിപ്പിക്കുന്ന തരത്തിലാണ് നഗരസഭ സ്ളാബ് നീക്കുന്നത്.