കോതമംഗലം: പ്രവേശനോത്സവത്തിന്റെ ആഘോഷങ്ങളൊന്നുമില്ലാതെ പുതിയ അദ്ധ്യായന വർഷത്തിന് തുടക്കം കുറിച്ചു. സർക്കാർ വിഭാവനം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ബ്ലോക്ക് തല ഉദ്ഘാടനം കോതമംഗലം ബി.ആർ.സിയിൽ വച്ച് ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. വീടുകളിൽ ടിവി, കേബിൾ, നെറ്റ് എന്നീ സൗകര്യങ്ങളൊന്നുമില്ലാത്ത നാല് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ജോതിഷ്.പി., പിണ്ടിമന സ്കൂൾ പി.ടി.എ പ്രസിഡന്റ് അനീഷ് തങ്കപ്പൻ, ദീപൻ വാസു, ബി.ആർ.സി അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. ബി.ആർ.സി പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ, ഊരു വിദ്യാലയങ്ങൾ, എം.ജി.എൽ സി, വായനശാലകൾ, അങ്കണവാടികൾ എന്നിവ വഴി ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമില്ലാത്ത കുട്ടികൾക്ക് ആവശ്യമായ പഠനസൗകര്യം ഒരുക്കിക്കൊടുക്കുമെന്ന് എം.എൽ.എ പറഞ്ഞു.