കൊച്ചി: പെരിയാറിലെയും കൈ വഴികളിലെയും ജലനിരപ്പ് നിയന്ത്രിക്കുന്ന അണക്കെട്ടുകൾ സമീപ ജില്ലകളിൽ സ്ഥിതി ചെയ്യുന്നതിനാൽ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ അന്തർ ജില്ലാതലത്തിൽ പ്രളയ പ്ലാൻ തയ്യാറാക്കണമെന്ന് വി.ഡി സതീശൻ എം.എൽ.എ അവശ്യപ്പെട്ടു. പറവൂരിലെ മഴക്കാല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് എം.എൽ.എ ആവശ്യങ്ങൾ ഉന്നയിച്ചത്. പെരിയാറിലെ ഡാമുകൾ എല്ലാം ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഇടമലയാർ കേന്ദ്രീകരിച്ച് സംയോജിത ഡാം മാനേജ്‌മെന്റ് പ്ലാൻ രൂപീകരിക്കണമെന്നും വി.ഡി.സതീശൻ എം.എൽ.എ ആവശ്യപ്പെട്ടു.കൊവിഡ് പശ്ചാത്തലത്തിൽ എറണാകുളം സിറ്റി, തൃപ്പൂണിത്തുറ, കളമശേരി തുടങ്ങിയ ഭാഗങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു.