കോലഞ്ചേരി: സാധാരണ റോഡ് നന്നാകാതെ കിടക്കുമ്പോഴാണ് പരാതി ഉയരുക. എന്നാൽ തട്ടാംമുകൾ - കരിമുകൾ റോഡ് നന്നായപ്പോൾ അപകടപരമ്പര കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കടയിരുപ്പുകാർ. വളയൻചിറങ്ങര, പീച്ചിങ്ങച്ചിറ റോഡ് ബി.എം, ബി.സി നിലവാരത്തിലേക്ക് പുനർനിർമിച്ചതോടെ തുടങ്ങിയ കഷ്ടകാലമാണിത്. ഈ റോഡ് കടയിരുപ്പിൽ പെരുമ്പാവൂർ കോലഞ്ചേരി റോഡ് ക്രോസ് ചെയ്താണ് കടന്നുപോകുന്നത്. തിരക്കേറിയ റോഡ് മുന്നിലുണ്ടെന്നറിയാതെ വാഹനങ്ങൾ പാഞ്ഞുവന്ന് അപകടങ്ങൾ പതിവായതോടെ ഇവിടെ സിന്തൈറ്റ് ഗ്രൂപ്പ് ഇടപെട്ട് റെഡിമെയ്ഡ് ഹമ്പുകൾ റോഡിൽ സ്ഥാപിച്ചാണ് അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കിയത്. എന്നാൽ ടോറസ് ലോറികൾ അമിതഅളവിലുള്ള ലോഡുമായി കയറിയിറങ്ങി ഹമ്പുകൾ തകർത്തു.
#അപകടങ്ങൾ പതിവ്
കഴിഞ്ഞവർഷം ആദ്യമാണ് റോഡ് ഉന്നതനിലവാരത്തിലേയ്ക്കെത്തിച്ചത്. അപകടങ്ങൾ തുടർന്നതോടെ മുന്നറിയിപ്പ് ബോർഡുകളും അപകട റിഫ്ളക്റ്ററുകളും റോഡിൽ സ്ഥാപിച്ചെങ്കിലും വാഹന അപകടനിരക്ക് കുറഞ്ഞില്ല. മുപ്പതിലധികം അപകടങ്ങൾ നടക്കുകയും നാലുപേർ മരിക്കുകയും ചെയ്തതോടെ ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തിയുടെ ഇടപെടലോടെയാണ് സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ സഹായത്തോടെ ഹമ്പ് സ്ഥാപിച്ചത്.
#അപകടം ക്രോസിംഗിൽ
കാക്കനാട് - തേക്കടി സംസ്ഥാനപാതയിൽ റോഡിൽ കുഴി നിറഞ്ഞ് വാഹനഗതാഗതം ദുഷ്കരമായതോടെ ദീർഘദൂര വാഹനങ്ങളും ലോഡുമായി പോകുന്ന വാഹനങ്ങളും ഈ വഴി പീച്ചിങ്ങച്ചിറയിലെത്തിയാണ് എറണാകുളം - തൃപ്പൂണിത്തുറ ഭാഗങ്ങളിലേയ്ക്ക് പോകുന്നത്. കോലഞ്ചേരി - പെരുമ്പാവൂർ റോഡിൽ ഇരുഭാഗത്തുമുള്ള വളവുതിരിഞ്ഞാണ് വാഹനങ്ങൾ ക്രോസിംഗ് ഭാഗത്തേയ്ക്ക് എത്തുന്നത്. ഇതോടെ ക്രോസ് ചെയ്ത് വേഗതയിൽ വരുന്ന വാഹനങ്ങളെ കാണാനാകില്ല. തിരക്കേറിയ പെരുമ്പാവൂർ റോഡ് മുന്നിലുണ്ടെന്നറിയാതെ പീച്ചിങ്ങച്ചിറ റോഡിലൂടെ വരുന്ന വാഹനങ്ങളാണ് ക്രോസിംഗിൽ വച്ച് കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നത്.
"ഹമ്പ് സ്ഥാപിക്കാൻ രണ്ടു പ്രാവശ്യമായി 4 ലക്ഷത്തിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്. ഹമ്പ് പൊളിഞ്ഞതോടെ ഇനി വീണ്ടും സ്വകാര്യ പങ്കാളിത്തത്തോടെ പുനർനിർമ്മിക്കാൻ പറ്റുമെന്ന കാര്യം സംശയമാണ്. അപകടം പതിവായതോടെയാണ് ജീവകാരുണ്യ മേഖലകളിൽ വിവിധ പ്രവൃത്തികൾ ചെയ്യുന്ന സിന്തൈറ്റിനെ സമീപിച്ച് ആദ്യം ഹമ്പ് സ്ഥാപിച്ചത്.
ജോർജ് ഇടപ്പരത്തി, ജില്ലാ പഞ്ചായത്തംഗം