കൊച്ചി: വൈറസിനെതിരായി ചങ്ങല മുറിക്കുമ്പോഴും നന്മയുടെ ചങ്ങലക്കണ്ണികൾ മുറിയില്ലെന്ന് തെളിയിച്ച് എം.ടെക് വിദ്യാർത്ഥിയായ ഷിയോണയും സഹോദരൻ നിയമവിദ്യാർത്ഥിയായ ബേസിലും. മറ്റൊരു കുടുംബം ദാനമായി തന്ന അമ്മയുടെ ജീവന് പകരമായി എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ സമ്മതമാണെന്ന് ഇരുവരും പ്രതിജ്ഞയെടുത്തു. ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ട ലീനയുടെ മക്കളാണ് ഇവർ.
ആരോഗ്യമന്ത്രി കെ.കെ ശൈലജ വീഡിയോകാൾ വഴി ചടങ്ങിൽ പങ്കെടുത്തു.
മേയ് 9നാണ് കോതമംഗലം സ്വദേശി ലീനയ്ക്ക് (49) ഹൃദയം മാറ്റിവെച്ചത്. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലാലി ടീച്ചറുടെ (50) ഹൃദയമാണ് ഇപ്പോൾ ലീനയിൽ മിടിക്കുന്നത്.
തുടർപരിശോധനകൾക്കും വിശ്രമത്തിനുമുള്ള സൗകര്യത്തിനായി വടുതലയിലുള്ള സഹോദരിയുടെ വീട്ടിലേക്കാണ് ലീന പോയത്.
ആരോഗ്യനില പരിപൂർണ്ണ തൃപ്തികരമാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.
ഹൃദയം തന്ന ലാലിയുടെ കുടുംബത്തിനും ചികിത്സിച്ചവർക്കും പിന്തുണച്ചവർക്കും ലീന നന്ദി പറഞ്ഞു. കേക്ക് മുറിച്ച് സന്തോഷം പങ്കു വച്ചാണ് ലീനയെ ലിസി ആശുപത്രിയിൽ നിന്നും യാത്രയാക്കിയത്.
ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ, കെ.എൻ.ഒ.എസ് നോഡൽ ഓഫീസർ ഡോ. ഉഷ സാമുവൽ അസി.പൊലീസ് കമ്മീഷണർ കെ. ലാൽജി തുടങ്ങിയവർ പങ്കെടുത്തു.