പറവൂർ : പെരിയാറിന്റെ ഇരു കൈവഴികളിലെയും എക്കലും ചെളിയും വാരാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. പ്രളയസാദ്ധ്യതകൾ മുന്നിൽകണ്ടു പറവൂരിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശൻ എം.എൽ.എ നടത്തിയ അഭ്യർത്ഥന പ്രകാരം ജില്ലാകളക്ടർ വിളിച്ചുകൂട്ടിയ യോഗത്തിലാണ് തീരുമാനം.
ഇരുപത്തിയഞ്ച് ഇടത്തോടുകൾ ആഴം കൂട്ടുന്നതിനു പണം അനുവദിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യും. പെരിയാറിലെ ഇരുപത്തിരണ്ട് ഡാമുകളെ ഏകോപിപ്പിച്ചുകൊണ്ട് ഇന്റഗ്രേറ്റഡ് ഡാം മാനേജ്മെന്റ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി ചേർന്ന് മുന്നറിയിപ്പ് സംവിധാനം ഒരുക്കണമെന്ന എം.എൽ.എയുടെ നിർദേശം നടപ്പാക്കാൻ യോഗം തീരുമാനിച്ചു. ഡാമുകൾ തുറക്കേണ്ടിവന്നാൽ വേലിയിറക്കം അനുസരിച്ചുമാത്രം ചെയ്യും. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും തമ്മിൽ എകോപനമുണ്ടാക്കും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ റിലീഫ് ക്യാമ്പുകൾ എങ്ങിനെയാണ് നടത്തേണ്ടതെന്ന് യോഗം വിശദമായി ചർച്ചചെയ്തു. ഇതിനായി കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ആവശ്യമായ സൗകര്യമൊരുക്കും. ആശുപത്രികളിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും ഒരുക്കും. അത്യാവശ്യമായ മരുന്നുകളും എത്തിക്കും. ജനങ്ങൾ പരിഭ്രാന്തരാകേണ്ട യാതൊരു ആവശ്യമില്ലെന്ന് യോഗം വിലയിരുത്തി. ഡെപ്യൂട്ടി കളക്ടർ സന്ധ്യാദേവി, ജില്ലാ മെഡിക്കൽ ഓഫീസർ, ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ, പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ് തുടങ്ങിയവരും പങ്കെടുത്തു.