കൊച്ചി : കെവിൻ വധക്കേസിലെ ഒന്നാംപ്രതി ഷാനു ചാക്കോയ്ക്ക് ഹൃദ്രോഗ ബാധിതനായ പിതാവിനെ കാണാൻ ഹൈക്കോടതി ഏഴുദിവസത്തെ ഇടക്കാലജാമ്യം അനുവദിച്ചു. രണ്ടുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. ഷാനു ഇൗ ഏഴുദിവസവും പൊലീസ് സ്റ്റേഷനിൽ രാവിലെ ഹാജരായി ഒപ്പിടണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഷാനുവിന്റെ സഹോദരി നീനുവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്താൽ ദളിത് ക്രൈസ്തവ വിഭാഗത്തിൽപെട്ട കെവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 മേയ് 27 നാണ് കെവിനെ കോട്ടയത്തു നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. അടുത്തദിവസം കെവിന്റെ മൃതദേഹം പുനലൂർ വിളക്കുവെട്ടം ചാലിയേക്കര പുഴയിൽ നിന്നാണ് കണ്ടെത്തിയത്. കേസിൽ ഷാനു ഉൾപ്പെടെ പത്തു പ്രതികൾക്ക് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് പിതാവിനെ കാണാൻ രണ്ടുമാസത്തെ ഇടക്കാല ജാമ്യത്തിന് ഷാനു ഹൈക്കോടതിയെ സമീപിച്ചത്.

പ്രതിക്ക് ഇടക്കാലജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. സംസ്ഥാനത്തെ ആദ്യ ദുരഭിമാന കൊലക്കേസിലെ പ്രതിയാണ് ഷാനുവെന്നും ഇയാൾക്ക് ഇടക്കാലജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പിതാവിന് ഹൃദ്രോഗബാധയുണ്ടെന്ന ഷാനുവിന്റെ വാദം ശരിയല്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ കുറഞ്ഞൊരു കാലയളവിൽ പിതാവിനൊപ്പം കഴിയാനാണ് പ്രതി അനുമതി തേടിയതെന്ന് വിലയിരുത്തിയാണ് കോടതി ഹർജി അനുവദിച്ചത്. വിചാരണക്കോടതിയുടെ ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി തള്ളിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഡിവിഷൻബെഞ്ചിന്റെ വിധി.