കോതാട്: കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കടമക്കുടി ഗ്രാമപഞ്ചായത്തിലെ ജനങ്ങളെ സഹായിക്കുന്നതിനായി കോരാമ്പാടം സഹകരണ ബാങ്കിന്റെ ആശ്വാസക്കിറ്റ് വിതരണം ആരംഭിച്ചു. കിറ്റ് പഞ്ചായത്തിലെ 4500 ഓളം വരുന്ന മുഴുവൻ വീടുകളിലേക്കും ബാങ്ക് നേരിട്ട് എത്തിച്ചുകൊടുക്കും. വിതരണോദ്ഘാടനം എസ്. ശർമ്മ എം.എൽ.എ നിർവഹിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു, ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നിക്കോൾസൺ, സെക്രട്ടറി രശ്മി ജെ, ബോർഡ് മെമ്പർമാരായ കെ.വി. ആന്റണി, എ.ബി. അനിൽകുമാർ, കെ.എസ്. ബാബുരാജ്, പുഷ്പ സതീശൻ, അലക്‌സ് ആട്ടുള്ളിൽ, എം.വി. ഷാജി, ജോസി ഫ്രാൻസിസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എക്‌സ് ബെന്നി, ടി.കെ വിജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സർക്കാർ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ആരോഗ്യപ്രവർത്തകർ, പൊലീസുകാർ തുടങ്ങിയവർക്കായി അമ്പതിനായിരത്തോളം മാസ്‌കുകൾ ബാങ്കിന്റെ നേതൃത്വത്തിലുള്ള തയ്യൽ യൂണിറ്റുവഴി സൗജന്യമായി നിർമ്മിച്ചുനൽകി. പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും പത്താംക്ളാസ്, പ്ളസ്ടു വിദ്യാർത്ഥികൾക്കും പതിനായിരത്തോളം മാസ്കുകൾ സൗജന്യമായി നിർമ്മിച്ചുനൽകി. മിതമായ നിരക്കിൽ സാനിറ്റെസറും തുണികൊണ്ടുള്ള മാസ്‌കും ബാങ്കിൽ നിന്നും വില്പന നടത്തുന്നു.