kzm
കിഴക്കമ്പലത്ത് ടൗണിൽ തടിച്ചു കൂടിയ അന്യ സംസ്ഥാന തൊഴിലാളികൾ

കിഴക്കമ്പലം: കിറ്റെക്സ് കമ്പനിയിലെ അന്യ സംസ്ഥാന വനിത തൊഴിലാളികൾ ജാർഖണ്ഡിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി സംഘടിച്ചെത്തി. ഇന്നലെ ഉച്ചയ്ക്ക് കിഴക്കമ്പലത്തെ കമ്പനിയിൽ നിന്നു ഇവർ ഇറങ്ങിപ്പോരുകയായിരുന്നു.

കുന്നത്തുനാട് പൊലീസിന്റെ നേതൃത്വത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും ഇവർ കൂട്ടാക്കിയില്ല. ഭാഷാ തടസവും പൊലീസിനെ വലച്ചു. തുടർന്ന് നാനൂറോളം വരുന്ന ഇവർ കിഴക്കമ്പലം ബസ് സ്​റ്റാൻഡിൽ സംഘടിച്ചു. നാളെ നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ സൗകര്യം ഒരുക്കാമെന്ന ആർ.ഡി.ഒയുടെ ഉറപ്പിൻമേൽ ഇവരെ സമീപത്തെ സെന്റ് ജോസഫ് സ്‌കൂൾ, ഗവ.എൽപി സ്‌കൂൾ എന്നിവിടങ്ങളിലേക്ക് മാ​റ്റി താമസിപ്പിച്ചു. ഭക്ഷണവും അധികൃതർ ഒരുക്കിയിട്ടുണ്ട്.

ഇന്നലെ ട്രെയിൻ ഉണ്ടെന്ന തെ​റ്റിദ്ധാരണയുടെ പുറത്ത് നാട്ടിലേക്ക് പോകാൻ കമ്പനിയിൽ നിന്നു ഇവർ ഇറങ്ങിയതാണ്. ഇവരെ ജാർഖണ്ഡിലേക്ക് അയക്കാനുള്ള സംവിധാനമൊരുക്കുമെന്ന് മൂവാ​റ്റുപുഴ ആർ.ഡി.ഒ സാബു കെ.ഐസക് പറഞ്ഞു. ഡിവൈ.എസ്.പി കെ.ബിജുമോൻ, കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ വി.ടി.ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

ലോക്ക് ഡൗൺ കാലയളവിലും മാനദണ്ഡങ്ങൾ പാലിച്ച് കമ്പനിയിൽ എല്ലാ ദിവസവും ജോലി ഉണ്ടായിരുന്നു. ശമ്പളവും ഭക്ഷണവും നൽകി. നാട്ടിലേക്ക് മടക്കി അയക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനിടയിലാണ് പ്രകോപിതരായി ഇവർ കമ്പനിയിൽ നിന്നു ഇറങ്ങിപ്പോന്നത്. ഇവരെ കൂടാതെ 5000ഓളം അന്യ സംസ്ഥാനത്തൊഴിലാളികൾ കമ്പനിയിൽ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്.


സാബു.എം.ജേക്കബ്

മാനേജിംഗ് ഡയറക്ടർ

കി​റ്റെക്‌സ് ഗാർമെന്റ്‌സ് ലിമി​റ്റഡ്‌