cycle
സൈക്കിളുമായി നാരായണൻ

കോലഞ്ചേരി: ചൂണ്ടി വാട്ടർ അതോറി​ട്ടിയിൽ നിന്നും കഴിഞ്ഞ ദിവസം വിരമിച്ച അസിസ്റ്റന്റ് എൻജിനീയർ സി.എൻ.നാരായണന്റെ സൈക്കിളിനും ഇനി കുറച്ചു വിശ്രമിക്കാം. 12 കിലോമീ​റ്റർ ദൂരം സൈക്കിൾ ചവിട്ടി ജോലിക്കെത്തിയിരുന്നയാളാണ് നാരായണൻ. കോതമംഗലത്തിനടുത്ത് അയിരൂർ പാടത്താണ് നാരായണന്റെ വീട്.

രാവിലെ 7.30 ഓടെ വീട്ടിൽ നിന്ന് ഇറങ്ങി സൈക്കിളിൽ കോതമംഗലത്തെത്തും. അവിടെ നിന്ന് ബസിൽ ഓഫീസിലെത്തും. ലോക്ക് ഡൗൺ കാലത്ത് ഓഫീസിലേക്ക് സൈക്കിൾ ചവിട്ടി. അതാത് ദിവസത്തെ ജോലി എത്ര വൈകിയാലും തീർത്തിട്ടേ ഇദ്ദേഹം ഓഫീസ് വിടാറുള്ളൂ. മെയിന്ററനൻസ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറായി 2010 മുതൽ സേവനമനുഷ്ഠിച്ചു. 2017 ലെ വരൾച്ച ദുരിതാശ്വാസത്തിന്റെ ഭാഗമായി നടത്തിയ കുടിവെള്ള വിതരണത്തിൽ വകുപ്പ് മന്ത്റിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. വിരമിക്കലിന് ശേഷമുള്ള നാളുകൾ ഭാര്യ തങ്കയോടും മകൾ രേണുകയോടുമൊപ്പം സ്വസ്ഥ ജീവിതം നയിക്കണമെന്നാണ് നാരായണന്റെ ആഗ്രഹം.