പറവൂർ: പറവൂർ നഗരത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ടൗൺ മാസ്റ്റർ പ്ളാൻ കൗൺസിൽ നിർദ്ദേശിച്ച ഭേദഗതികൾക്ക് സർക്കാർ അംഗീകാരം. 2018 ഫെബ്രറുവരി ഒമ്പതിന് ഭേദഗതി ചെയ്ത മാസ്റ്റർ പ്ളാൻ സർക്കാരിനു നൽകിയത്. പൊതുജനങ്ങളിൽ നിന്നും ഭേദഗതി നിർദ്ദേശങ്ങൾ സ്വീകരിച്ചാണ് ഭേദഗതി തയ്യറാക്കിയത്. ജനവാസ മേഖലയിലെ വ്യവസായ മേഖല, ഐ.ടി സോൺ, മാലിന്യ പ്ലാന്റ് വികസനം എന്നിവ ഒഴിവാക്കിയിരുന്നു. അറുപതോളം ചെറിയ റോഡുകളുടെ വീതി കൂട്ടൽ ഉപേക്ഷിച്ചിരുന്നു. ഉൾറോഡുകളുടെ വീതി മുപ്പതിൽ നിന്നും പതിനഞ്ചായും ഇരുപത്തിരണ്ടിൽ നിന്നും പന്ത്രണ്ടായും കുറച്ചിരുന്നു. 2013 ലാണ് നിലവിലുള്ള മാസ്റ്റർ പ്ളാൻ കൗൺസിൽ അംഗീകരിച്ച് സർക്കാരിന് സമർപ്പിച്ചത്. എന്നാൽ വേണ്ടത്ര പരിശോധനകളില്ലാതെയാണ് കൗൺസിൽ അംഗീകാരം നൽകിയത്. നഗരസവാസികളുടെ എതിർപ്പ് ശക്തമായതോടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉത്തരവ് മരവിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് നഗരസഭ ഭേദഗതിയോടെ വീണ്ടും ടൗൺ പ്ളാൻ സമർപ്പിച്ചത്. ഭേദഗതിക്ക് അംഗീകാരം ലഭിച്ചതോടെ വർഷങ്ങളായി നിർമ്മാണം തടസപ്പെട്ട നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും പുതിയ ടൗൺ പ്ളാന്റെ അടിസ്ഥാനത്തിൽ അനുമതി ലഭിക്കും.