metal
എടയാർ വ്യവസായ മേഖലയിൽ മേരിസദൻ എ.പി.ജി. ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് വന്ന മെറ്റൽ ലോറികൾ നാട്ടുകാർ തടയുന്നു

ആലുവ: മുപ്പത്തടത്ത് ജനവാസമേഖലയിൽ ഗുതുരതമായ മലിനീകരണം സൃഷ്ടിക്കുന്ന ടാർ മിക്‌സിംഗ് വ്യവസായ യൂണിറ്റിനെതിരേ നടപടിയാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ - പ്രതിപക്ഷ സംയുക്ത സമരം. പുലർച്ചെ ആറരയോടെ ആരംഭിച്ച സമര രാത്രി ഏഴ് മണിക്കും തുടരുകയാണ്.

ഇതിനിടെ മിക്സിംഗ് യൂണിറ്റിലേക്ക് മെറ്റലുമായി വന്ന 12 ടോറസ് ലോറികൾ തടഞ്ഞ് മടക്കിയയച്ചു. യൂണിറ്റ് ഉടമക്ക് പൊലീസിന്റെ ഒത്താശയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. പാടശേഖരം അനധികൃതമായി നികത്തിയ സ്ഥലത്താണ് മെറ്റൽ സൂക്ഷിച്ചിരുന്നത്. മെറ്റൽ നീക്കണമെന്ന് വില്ലേജ് ഓഫീസർ നോട്ടീസ് നൽകിയിട്ടും ഇത് വകവെയ്ക്കാതെയാണ് ഇന്നലെ വീണ്ടും ഇതേസ്ഥലത്തേക്ക് മെറ്റലുമായി ലോറികളെത്തിയത്.

രാവിലെ ആദ്യലോറിയെത്തിയപ്പോൾ പ്രസിഡന്റ് രത്നമ്മ സുരേഷിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ തടഞ്ഞത്. പിന്നാലെ പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസും ബി.ജെ.പി നേതാവ് മുരളീധരനും സ്ഥലത്തെത്തി സമരത്തിൽ പങ്കാളികളായി.

എടയാർ വ്യവസായ മേഖലയിൽ മേരിസദൻ എ.പി.ജി. ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ മാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നാണ് പരാതി. ഇവിടെ നിന്നുള്ള പുക ജനങ്ങൾക്ക് ഏറെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പഞ്ചായത്തിന്റെ പരാതിയിൽ പി.സി.ബി അധികൃതർ കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതാണ്. പഞ്ചായത്തിനെ കക്ഷി ചേർക്കാതെ പി.സി.ബിയെ എതിർ കക്ഷിയാക്കി ലഭിച്ച ഇടക്കാല ഉത്തരവിലാണ് ഇപ്പോൾ പ്രവർത്തനം.