കൊച്ചി: അങ്ങനെ വർഷങ്ങൾക്ക് ശേഷം ജൂൺ ഒന്നിന് തന്നെ കാലവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് യെല്ലോ അലർട്ട് ആയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും കുറവായിരുന്നു എറണാകുളം ജില്ലയ്ക്ക് ലഭിച്ച മഴയുടെ അളവ്. ജില്ലയിൽ ശരാശരി 8.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് നഗരമദ്ധ്യത്തിലാണ്. നേവൽബേസ് പ്രദേശത്താണ് 1 സെന്റിമീറ്റർ മഴ അടയാളപ്പെടുത്തിയത്. ഗ്രാമീണ മേഖലയിൽ പിറവത്ത് മാത്രമേ മഴ അടയാളപ്പെടുത്തിയിട്ടുള്ളൂ.
കാലവർഷത്തിന്റെ രണ്ടാംദിനമായ ഇന്നും എറണാകുളം ജില്ലയ്ക്ക് യെല്ലോ അലർട്ടാണ്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം വടക്കൻ കേരളത്തിലാണ് മഴ ശക്തമാക്കുന്നതെങ്കിലും എറണാകുളത്ത് ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കുണ്ട്.
അതേസമയം, ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഭൂതത്താൻ കെട്ട്, മലങ്കര ഡാമുകളുടെ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിട്ടു. ഭൂതത്താൻ കെട്ടിലെ 6,7,8,9,10 ഷട്ടറുകൾ 50 സെന്റിമീറ്റർ അളവിലാണ് തുറന്നത്. മലങ്കര ഡാമിന്റെ 3,4,5 ഷട്ടറുകൾ 40 സെന്റിമീറ്രർ വീതമാണ് തുറന്നത്.
ഇന്നലെ രാവിലെ എട്ടരവരെയുള്ള മഴയുടെ അളവ് മില്ലിമീറ്ററിൽ
കൊച്ചി നേവൽ ബേസ് - 15.2
എറണാകുളം സൗത്ത് - 8
സിയാൽ - 2.3
പിറവം - 8.1