കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ കൊവിഡ് കെയർ സെന്ററിൽ കഴിഞ്ഞ കുറുപ്പംപടി സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി അടുത്തിടപഴകിയ ആരോഗ്യ വകുപ്പ് ജീവനക്കാരടക്കം ഏഴ് പേർ നിരീക്ഷണത്തിലായി.

ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഒരു വാളണ്ടിയർ, മൊബൈൽ സിം മാറി നൽകിയ വ്യക്തി, രണ്ട് പഞ്ചായത്ത് ജീവനക്കാർ എന്നിവരാണ് നിരീക്ഷണത്തിൽ. മേയ് 27ന് കുവൈ​റ്റ് വിമാനത്തിലെത്തിയ ഇവർ നിർബന്ധത്തിന് വഴങ്ങിയാണ് പരിശോധനക്ക് വിധേയയായത്.

നിരീക്ഷണത്തിൽ പോയ ജീവനക്കാരിൽ ചിലർ ഇന്നലെ നടന്ന വടവുകോട് സി.എച്ച്.സി.യുടെ പുതിയ മന്ദിരം ഉദ്ഘാടന ചടങ്ങിൽ സജീവമായി പങ്കെടുത്തതും വിവാദമായി. സ്ഥലം എം.എൽ.എ. അടക്കമുള്ള ജനപ്രതിനിധികളും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. കൊവിഡ് ബാധ സ്ഥിരീകരിക്കാത്തത് മൂലമാണ് ജീവനക്കാർ ഈ ചടങ്ങിൽ പങ്കെടുത്തതെന്നാണ് അധികൃതരുടെ വിശദീകരണം.