കൂത്താട്ടുകുളം: കുട്ടികളുടെ ആരവങ്ങളില്ലാത്ത വിദ്യാലയ അങ്കണത്തിൽ ഓൺലൈൻ പ്രവേശനോത്സവം ഒരുക്കി കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ. കമ്പ്യൂട്ടർ ലാബ് സ്റ്റുഡിയോയാക്കി മാറ്റിയാണ് പ്രവേശനോത്സവ ചടങ്ങുകൾ നവ മാധ്യമങ്ങൾ വഴിയും സ്കൂൾ യു.ടൂബ് ചാനൽ ഇ കിഡ്സ് വഴിയും കുട്ടികളിലേക്കെത്തിച്ചത്.വിക്ടേഴ്സ് ചാനൽ വഴി ലഭിക്കുന്ന ക്ലാസുകളുടെ തുടർച്ചയായി അദ്ധ്യാപകർ എടുക്കുന്ന ക്ലാസുകൾ സംപ്രേഷണം ചെയ്തു തുടങ്ങും. എൽ.കെ.ജി മുതൽ ഏഴാം ക്ലാസുവരെ പഠിക്കുന്ന 900 കുട്ടികളിൽ 25 കുട്ടികളുടെ രക്ഷിതാക്കൾക്ക് മാത്രമാണ് ഇൻറർനെറ്റ് സൗകര്യം ഇല്ലാത്തത് . രക്ഷിതാക്കൾ ഉൾപ്പെട്ട 32 ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ചാനൽ ലിങ്കുകൾ ഗ്രൂപ്പുകളിൽ നൽകിയും സംശയ നിവാരണം ഓൺലൈനിൽ നടത്തിയും ക്ലാസുകൾ മുന്നോട്ടു കൊണ്ടു പോകും.പാoഭാഗങ്ങളും വർക്ക് ഷീറ്റുകളും വീട്ടിലെത്തിച്ചു. സ്മാർട്ട് ഫോൺ ടി.വി. എന്നിവ ഇല്ലാത്ത കുട്ടികളെ ക്ലാസുകളുടെ ഭാഗമാക്കി മാറ്റും. ഓൺലൈൻ ക്ലാസ് സ്റ്റുഡിയോയും പ്രവേശനോത്സവവും നഗരസഭ ചെയർമാൻ റോയി എബ്രാഹം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ സമിതി അക്ഷൻ സി.എൻ.പ്രഭ കുമാർ
കൗൺസിലർമാരായ പി.സി.ജോസ്, ലിനു മാത്യു,ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, കെ. വി. ബാലചന്ദ്രൻ ,മനോജ് നാരായണൻ, ഹണി റെജി, ടി.വി. മായ, ജെസി ജോൺ, കൺവീനർമാരായ നിഖിൽ ജോസ്, ഷീബ.ബി പിള്ള എന്നിവർ സംസാരിച്ചു.