കൊച്ചി: ഓൺലൈൻ റിലീസിന് താൽപര്യം പ്രകടിപ്പിക്കാതെ മലയാള സിനിമ. ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും മറ്റൊരു ലോ ബഡ്ജറ്റ് ചിത്രവും മാത്രമേ ഇതിനായി രംഗത്തുള്ളൂ.
ഓൺലൈൻ റിലീസിന് തയ്യാറെങ്കിൽ മേയ് 31ന് മുമ്പ് അറിയിക്കണമെന്ന് കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്‌സ് നിർദേശിച്ചിരുന്നെങ്കിലും ചിത്രീകരണം പൂർത്തിയാക്കിയ 66 ചിത്രങ്ങളും തിയറ്റർ റിലീസിനാണ് താല്പര്യപ്പെട്ടത്.
ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ സിനിമകൾ റിലീസ് ചെയ്യുന്നത് തടയേണ്ടെന്നും പകരം ആ ചിത്രങ്ങൾ തിയേറ്ററിൽ കാട്ടേണ്ടെന്നും കഴിഞ്ഞ ദിവസം വിവിധ സംഘടനകളുമായി ചർച്ച നടത്തിയ ശേഷം ഫിലിം ചേംബർ തീരുമാനിച്ചിരുന്നു. കൂടുതൽ ചിത്രങ്ങൾ വിസമ്മതിച്ച സാഹചര്യത്തിൽ ഓൺലൈൻ റിലീസിന് മാനദണ്ഡങ്ങൾ തത്ക്കാലം ചർച്ച ചെയ്യേണ്ടെന്നാണ് ചേംബറിന്റെ നിലപാട്.