കൊച്ചി: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് സെല്‍റ്റോസ് എസ്യുവി ഇന്ത്യയിലെത്തിയത് കഴിഞ്ഞ വര്‍ഷമാണ്. പുതിയ വാഹന നിര്‍മ്മാതാവായിരുന്നിട്ടും വമ്പന്‍ വരവേല്‍പ്പാണ് കിയയ്ക്കും ആദ്യ എസ്യുവി സെല്‍റ്റോസിനും ലഭിച്ചത്. വില്പനമാന്ദ്യം മൂലം ഭൂരിപക്ഷം വാഹനനിര്‍മാതാക്കളും വലയുന്ന സമയത്ത് വിപണിയിലെത്തിയിട്ടും സെല്‍റ്റോസുകള്‍ പെട്ടെന്നാണ് വിറ്റഴിയുന്നത്. വിപണിയിലെത്തി 10 മാസം കഴിഞ്ഞപ്പോള്‍ കിയ മോട്ടോര്‍സ് സെല്‍റ്റോസ് എസ്യുവിയെ പരിഷ്‌കരിക്കുകയാണ്. ഫീച്ചറുകള്‍ വര്‍ധിപ്പിച്ചാണ് 2020 സെല്‍റ്റോസിനെ കിയ മോട്ടോര്‍സ് വിപണിയിലെ എത്തിച്ചിരിക്കുന്നത്.
സുരക്ഷ, സൗകര്യങ്ങള്‍, കണക്ടിവിറ്റി, ഡിസൈന്‍ എന്നിവ മെച്ചപ്പെടുത്തുന്നതാണ് പുത്തന്‍ ഫീച്ചറുകള്‍. ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രം പരിമിതപ്പെടുത്തിയിരുന്ന ചില ഫീച്ചറുകള്‍ മറ്റുള്ള മോഡലുകളിലും ചേര്‍ത്താണ് 2020 സെല്‍റ്റോസിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ കിയ മോട്ടോര്‍സ് ഇന്ത്യ പരിശ്രമിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണം മനസ്സിലാക്കി 1.4-ലിറ്റര്‍ T-GDi GTK വേരിയന്റും GTX 7-സ്പീഡ് DCT വേരിയന്റും പിന്‍വലിക്കുകയാണന്നെും കിയ മോട്ടോര്‍സ് ഇന്ത്യ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ഓറഞ്ചും വെളുപ്പും ചേര്‍ന്ന ഒരു പുത്തന്‍ ഡ്യുവല്‍ ടോണ്‍ കളറും കിയ മോട്ടോര്‍സ് പുതുതായി സെല്‍റ്റോസ് ശ്രേണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫീച്ചര്‍ വര്‍ദ്ധനവ് സെല്‍റ്റോസിന്റെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 10,000 രൂപ മുതല്‍ 30,000 രൂപവരെയാണ് വിവിധ വേരിയന്റുകള്‍ക്ക് വില വര്‍ദ്ധിച്ചിരിക്കുന്നത്.ജനുവരിയില്‍ വര്‍ദ്ധിപ്പിച്ച വിലയ്ക്ക് പുറമെയാണ് ഇപ്പോള്‍ വീണ്ടും വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.