bhim-app

കൊച്ചി:യുപിഐ അധിഷ്ഠിത പണം ഇടപാടുകള്‍ക്കായി വികസിപ്പിച്ച ഭീം ആപ്പിലെ ഡാറ്റ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. 70 ലക്ഷത്തോളം ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിയ്ക്കുന്നത്.സർക്കാർ വികസിപ്പിച്ച ആപ്പാണ് ഭീം. എന്നാല്‍ നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷനും സര്‍ക്കാരും ഇത് നിരസിച്ചു. പക്ഷേ സൈബര്‍ സെക്യൂരിറ്റി കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഡാറ്റ ചോര്‍ച്ചയുണ്ടായതായി സമ്മതിച്ച് കഴിഞ്ഞു. സൈബര്‍ സെക്യൂരിറ്റി ഗവേഷകരാണ് ഡാറ്റ ചോര്‍ച്ച കണ്ടെത്തിയത്.

സിഎസ്‌സി ഭീം വെബ്‌സൈറ്റിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നിരിയ്ക്കുന്നത്. വ്യക്തി വിവരങ്ങള്‍ക്കു പുറമെ, ആധാര്‍ കാര്‍ഡ്, ബാങ്ക് വിവരങ്ങളും ചോര്‍ന്നിട്ടുണ്ട് എന്നാണ് സൂചന.

2016 ഡിസംബര്‍ 30 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീം ആപ്പ് രാജ്യത്ത് അവതരിപ്പിച്ചത്. 10 ദിവസത്തിനുള്ളില്‍ ഒരു കോടിയില്‍ അധികം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നു.

16 ഭാഷകളില്‍ ഇപ്പോള്‍ ആപ്പ് ലഭ്യമാണ്. ഒരു തവണ പരമാവധി 20,000 രൂപ വരെ ട്രാന്‍സ്ഫര്‍ ചെയ്യാം. ഒരു ദിവസം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആകുന്ന പരമാവധി തുക 40,000 രൂപയാണ്.2019-ലാണ് ഡാറ്റ ചോര്‍ച്ച നടന്നിരിയ്ക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2019-ല്‍ സമാനമായ 3,13,000 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എസ്ബിഐ, ജസ്റ്റ് ഡയല്‍, എയര്‍ടെല്‍, ഇന്ത്യന്‍ ബഹിരാകാശ സ്ഥാപനം തുടങ്ങി നിരവധി കമ്പനികളാണ് 2019-ൽ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായത്.