കൊച്ചി: പ്ളാസ്റ്റിക് ബാഗിന് പകരം തുണി സഞ്ചി പ്രചരിക്കുന്ന സമയത്താണ് കൊവിഡിന്റെ വരവ്. അതോടെ പ്ളാസ്റ്റിക് നിരോധനത്തിന് പുല്ലുവിലയായി. ലോക്ക് ഡൗണിൽ പ്ളാസ്റ്റിക്കിനും ഇളവുകൾ ലഭിച്ചു. പരിശോധനകൾ കുറഞ്ഞു. ഉപയോഗം വർദ്ധിച്ചു. നിരത്തുകളും ഓടകളും പ്ളാസ്റ്റിക് മാലിന്യത്താൽ നിറഞ്ഞു.
# വൈകി ഉണർന്ന കോർപ്പറേഷൻ
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് ജനുവരി ഒന്നു മുതൽ സർക്കാർ നിരോധനം പ്രഖ്യാപിച്ചെങ്കിലും പ്ളാസ്റ്റിക്കിനെതിരെ പ്രവർത്തന രൂപരേഖ തയ്യാറാക്കുന്നതിൽ കൊച്ചി കോർപ്പറേഷൻ കാലതാമസം വരുത്തി. ഏതു മാലിന്യവും തള്ളാൻ ബ്രഹ്മപുരത്ത് സൗകര്യമുള്ളതിനാൽ വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് ശേഖരണം തുടർന്നു. അതേസമയം ആരോഗ്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽ പരിശോധന തുടങ്ങിയതോടെ കടകളിൽ നിന്ന് പ്ളാസ്റ്റിക് പതിയെ അപ്രത്യക്ഷമാകാൻ തുടങ്ങി. നിരോധനം നടപ്പാക്കാൻ ജില്ലാ ഭരണകൂടവും മുന്നിട്ടിറങ്ങിയതോടെ ഷോപ്പിംഗിന് ഇറങ്ങുന്നവർ കൈയിലൊരു തുണിസഞ്ചി കരുതാൻ നിർബന്ധിതരായി.
# വില്ലനായ വൈറസ്
പ്ലാസ്റ്റിക്കിന് ബദലായി ജില്ലയിലെ 262 കുടുംബശ്രീ യൂണിറ്റുകൾ 'പച്ച' എന്ന പേരിൽ തുണിസഞ്ചി നിർമ്മാണം തുടങ്ങി. അതിനിടെയാണ് കൊവിഡ് വൈറസിന്റെ വരവ്. അതോടെ തദ്ദേശസ്ഥാപനങ്ങളും കുടുബശ്രീക്കാരും സമൂഹഅടുക്കളയുടെ തിരക്കിലായി. ലോക്ക് ഡൗൺ മൂലം ഉദ്യാേഗസ്ഥർ വീട്ടിലിരിപ്പായി. ആ വിടവിലൂടെ പ്ളാസ്റ്റിക് നാടെങ്ങും വ്യാപിച്ചു.
# കർശന നടപടി വേണം
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ തിരക്കിലാണ് ജില്ല ഭരണകൂടവും കോർപ്പറേഷനും. തോടുകളിൽ പ്ളാസ്റ്റിക് മാലിന്യം തടഞ്ഞുകിടക്കുകയാണ്. ബ്രഹ്മപുരം മാലിന്യപ്ളാന്റിൽ പ്ളാസ്റ്റിക് മല തന്നെ രൂപം കൊണ്ടു. വേനൽക്കാലത്ത് ഈ മാലിന്യകൂമ്പാരത്തിന് തീ പിടിക്കുമ്പോഴാണ് പ്ളാസ്റ്റിക്ക് നിവാരണത്തെ കുറിച്ച് കോർപ്പറേഷൻ ചർച്ച ചെയ്യുന്നത്.
പ്ളാസ്റ്റിക്ക് ഉപയോഗത്തിന് തടയിടാൻ കഴിഞ്ഞില്ലെങ്കിൽ ഓപ്പറേഷൻ ബ്രേക്ക് ത്രൂ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഫലമില്ലാതെയാകുമെന്ന് കൗൺസിലർമാർ പറയുന്നു.
# ശുചീകരണത്തിന് നാഷണൽ ഹൈവേ അതോറിറ്റിയും
കഴിഞ്ഞ ദിവസങ്ങളിൽ ഇടപ്പള്ളി മുതൽ വൈറ്റില ജംഗ്ഷൻ വരെ റോഡിന്റെ ഇരു ഭാഗങ്ങളിലെയും കാന പരിശോധനക്കിറങ്ങിയ ജനപ്രതിനിധികൾ പ്ളാസ്റ്റിക് വരുത്തിയ വിനാശങ്ങൾ നേരിൽ കണ്ടു. പി.ടി.തോമസ് എം.എൽ.എയും കൗൺസിലർമാരുമാണ് കാന പരിശോധിച്ചത്. തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റിയുടെ നേതൃത്വത്തിൽ കാനകളിൽ അടഞ്ഞുകൂടിയ സെപ്റ്റിക്ക് മാലിന്യമുൾപ്പെടെ എല്ലാം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.