കൊച്ചി: അന്തർ ജില്ലാ ബസുകൾ ആരംഭിച്ചതോടെ പൊതുഗതാഗതം ഇന്നു മുതൽ കൂടുതൽ സുഗമമാവും. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ച സർവീസുകൾ പുനരാരംഭിക്കാൻ അനുമതി ലഭിച്ചെങ്കിലും ഇന്നലെ വിരലില്ലെണ്ണാവുന്ന ബസുകളാണ് നിരത്തിലിറങ്ങിയത്. ഇന്നു കൂടുതൽ അന്തർ ജില്ലാ ബസുകൾ സർവീസ് നടത്തും. കെ.എസ്.ആർ.ടി.സിയും മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഇന്നു മുതൽ പ്രാരംഭ ഘട്ടമെന്നോണം മറ്റു ജില്ലകളിലേക്ക് സർവീസ് ആരംഭിക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ കെ.എസ്.ആർ.ടി.സി. കൂടുതൽ ബസുകൾ ഉണ്ടാവില്ല.
അയൽ ജില്ലയിലേക്ക് മാത്രമേ സർവീസ് നടത്താൻ നിലവിൽ ബസുകൾക്ക് അനുമതിയുള്ളൂ. അതിനാൽ സ്വകാര്യ ബസുകൾ ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്ന് ഏതാനും ബസുകൾ മാത്രമാണ് ഓടിയത്. ഇടുക്കിയിൽ നിന്ന് കോതംമംഗലം, തൊടുപുഴ വഴിയുള്ള ബസുകൾക്കേ സർവീസ് നടത്താൻ കഴിയൂ. ഇടുക്കിയിൽ നിന്ന് കോട്ടയം ജില്ലയിലൂടെ വരുന്ന ബസുകൾക്ക് എറണാകുളത്തെത്താൻ കഴിയില്ല. ഹോട്ട് സ്‌പോട്ടുകളിൽ ബസ് സർവീസ് അനുവദിക്കില്ലെങ്കിലും എല്ലാ ബസുകളും സ്റ്റോപ്പുകളിൽ നിറുത്തിയാണ് ബസ് സർവീസുകൾ.
തുടക്കത്തിൽ കുറച്ച് കെ.എസ്.ആർ.ടി.സി
ഗുരുവായൂർ, ആലപ്പുഴ, തൃശൂർ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലേക്ക് ബസ് ഓടും.ഇന്ന് കുറവ് ബസുകൾ മാത്രമേ സർവീസ് നടത്തൂ.യാത്രാക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്ന മുറയ്ക്ക് ബസുകളുടെ എണ്ണം കൂട്ടാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് എറണാകുളം ഡി.ടി.ഒ വി.എം. താജുദ്ദീൻ കേരളകൗമുദിയോട് പറഞ്ഞു. നിലവിൽ 196 സർവീസുകളാണ് കെ.എസ്.ആർ.ടി.സി. ഓടിക്കുന്നത്. ആദ്യഘട്ടത്തിൽ 40 താഴെ ബസുകളുമായാണ് സർവീസ് ആരംഭിച്ചത്. പിന്നീട് യാത്രക്കാരുടെ ആവശ്യത്തെ തുടർന്നാണ് കൂടുതൽ ബസുകൾ ഓടിച്ചു തുടങ്ങിയത്.
നിബന്ധനകൾ പ്രതിസന്ധി
സർവീസ് നടത്താൻ സർക്കാർ അനുമതി ലഭിച്ചെങ്കിലും ബസ് നിരക്ക് സംബന്ധിച്ചും മറ്റു നിബന്ധനകളും സംബന്ധിച്ചും വിവരങ്ങൾ നിലവിൽ ലഭ്യമല്ല. ഇതു സംബന്ധിച്ച് സർക്കാറുമായി അസോസിയേഷൻ കൂടി കാഴ്ച്ച നടത്തി വരികയാണ്. ഹോട്ട് സ്പോട്ടുകളിൽ സ്റ്റോപ്പുകൾ അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ എല്ലാ സ്റ്റോപ്പുകളിലും നിറുത്തുന്നുണ്ട്. ഇത് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാലാണ്.
എം.ബി. സത്യൻ
പ്രസിഡന്റ്
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ