കോലഞ്ചേരി: ലോക്ക് ഡൗണിലും ഓൺലൈൻ തട്ടിപ്പുകാർ വിലസുകയാണ്. മോറട്ടോറിയമാണ് പുതിയ നമ്പർ! ബാങ്ക് ജീവനക്കാരെന്ന വ്യാജേന വിളിച്ച് അക്കൗണ്ട് നമ്പർ, ഡെബിറ്റ് കാർഡ്.പിൻ നമ്പർ, ഒ.ടി.പി എന്നിവ കൈക്കലാക്കി പണം തട്ടുകയാണ് ചെയ്യുന്നത്. ബാങ്കുകളുടെ പേരിലെത്തുന്ന ഇത്തരം ഫോൺ കാളുകളിൽ ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
കൊവിഡ് വ്യാപനവത്തിന് പിന്നാലെ രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ ആർ.ബി.ഐ ബാങ്കുകളിൽ നിന്നുള്ള വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതിന് ശേഷമാണ് ആനുകൂല്യം ലഭ്യമാക്കാമെന്ന വാഗ്ദാനവുമായി തട്ടിപ്പുകാരുടെ രംഗപ്രവേശനം. മുംബയിലടക്കം നിരവധിപ്പേർ ഇതിനോടകം കബളിപ്പിക്കപ്പെട്ടു. വായ്പ തിരിച്ചടവുകളിൽ മൊറട്ടോറിയം ലഭിക്കാൻ ബാങ്കുകളുമായി നേരിട്ടോ, പാസ്ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാങ്ക് ശാഖയുടെ ഫോൺ നമ്പറോലോ, ഒഫീഷ്യൽ വെബ് സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറിലോ മാത്രം ബന്ധപ്പെടുക. ബാങ്കിൽ നിന്നും കസ്റ്റമർ കെയർ സെന്ററിൽ നിന്നും ഉപഭോക്താക്കളുടെ പിൻ നമ്പറുകളോ, ഒ.ടി.പിയോ ചോദിക്കില്ല. ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്നുമാണ് ബാങ്ക് അധികൃതരും പറയുന്നു. തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ജില്ലാ സൈബർ സെല്ലുകളിൽ ബന്ധപ്പെടണം.