കൊച്ചി: സ്വതന്ത്ര കലാസാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതി അഖില കേരളാടിസ്ഥാനത്തിൽ പ്രാഭേദമന്യേ എഴുത്തുകാർക്കായി നടത്തിയ സാഹിതീ സൗഹൃദ സാഹിത്യമത്സരം-2020 ഓൺലൈൻ സാഹിത്യമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കഥാവിഭാഗത്തിൽ വത്സല നിലമ്പൂർ ഒന്നാം സ്ഥാനവും ട്രൈബി പുതുവയൽ, വരദേശ്വരി.കെ എന്നിവർ രണ്ടും മൂന്നും സ്ഥാനവും നേടി. കവിതാവിഭാഗത്തിൽ ഷിബി നിലാമുറ്റം ഒന്നാംസ്ഥാനവും ആനന്ദൻ ചെറായി രണ്ടും ജാസ്മിൻ ഷാജി മൂന്നും സ്ഥാനം നേടി. ബാലസാഹിത്യ വിഭാഗത്തിൽ എൻ.സ്മിതയ്ക്കാണ് ഒന്നാംസ്ഥാനം. സൈബർ കടുങ്ങല്ലൂർ, ദിനകരൻ ചെങ്ങമനാട് എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി.
നിരൂപകൻ എം.കെ ഹരികുമാർ, കവി പത്മനാഭൻ നാലപ്പാടം, സിപ്പി പള്ളിപ്പുറം, കാവാലം അനിൽ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. മലയാള കാവ്യസാഹിതിയുടെ വാർഷിക സംഗമത്തിൽ വിജയികൾക്കുള്ള ഫലകവും പ്രശസ്തിപത്രവും കാഷ് അവാർഡും അടങ്ങുന്ന പുരസ്കാരം വിതരണം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി സുഷമ ശിവരാമൻ അറിയിച്ചു.