കൊച്ചി : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ 11 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതികളും യൂണിയൻ മുൻ ഭാരവാഹികളുമായ സുഭാഷ് വാസുവും സുരേഷ് ബാബുവും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിശദമായ വാദത്തിന് തിങ്കളാഴ്ചത്തേക്ക് മാറ്റി.
കൊവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ ജയിലിലെ തിരക്ക് കുറയ്ക്കാൻ ഏഴുവർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളിൽ അറസ്റ്റ് ഒഴിവാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇതനുസരിച്ച് തങ്ങൾക്ക് മുൻകൂർ ജാമ്യം നൽകണമെന്നും ഹർജിക്കാർ വാദിച്ചു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകേസാണിതെന്നും ഉന്നതസ്വാധീനമുള്ള പ്രതികൾക്ക് ജാമ്യംനൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. കേസിൽ പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടുകളും കോടതിയിൽ സമർപ്പിച്ചു. തുടർന്നാണ് വിശദമായ വാദത്തിനായി ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയത്.
എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി, ആലപ്പുഴ മാന്നാർ സ്വദേശി ദയകുമാർ എന്നിവർ ഹർജിയിൽ കക്ഷിചേർന്നു. ഇരുവരും കേസിലെ പരാതിക്കാരാണ്. ഹർജിക്കാർ വസ്തുതകൾ മറച്ചുവയ്ക്കാനിടയുണ്ടെന്നും വിശദവിവരങ്ങൾ നൽകാൻ തങ്ങളെ കക്ഷിചേർക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.